വർഷകാല സമ്മേളനത്തിന് പ്രതിഷേധത്തോടെ സമാപനം
text_fieldsന്യൂഡൽഹി: വോട്ടർ പട്ടിക തീവ്രപരിശോധനയിൽ (എസ്.ഐ.ആർ) ചർച്ച അനുവദിക്കാത്തതിനെ തുടർന്ന് ദേശീയ ഗാനാലാപനത്തിന്റെ തൊട്ടുമുമ്പ് വരെ തുടർന്ന പ്രതിഷേധത്തിനൊടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം സമാപിച്ചു. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സാധാരണഗതിയിൽ സമാപന ദിവസമെങ്കിലും പ്രതിഷേധമൊഴിവാക്കാറുള്ള പ്രതിപക്ഷം ഇത്തവണ പതിവ് തെറ്റിച്ച് ‘വോട്ടുചോർ, ഗദ്ദീ ഛോഡ്’ (വോട്ടു കള്ളൻ, കസേര വിടൂ) വിളികളുമായി അവസാന നാളും ഇരു സഭകളും സ്തംഭിപ്പിച്ചു.
30 ദിവസം തടവിലായാൽ മന്ത്രിസ്ഥാനം കളയാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ ഭരണഘടന ദേഗതി ബിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ രാജ്യസഭയിലും പ്രതിപക്ഷം ചീന്തിയെറിഞ്ഞു. സമ്മേളനം പിരിഞ്ഞ ശേഷമുള്ള സ്പീക്കറുടെ ചായസൽക്കാരവും പ്രതിപക്ഷം ഇത്തവണ ബഹിഷ്കരിച്ചു. രാവിലെ 11ന് പാർലമെന്റ് ചേർന്നപ്പോൾ എസ്.ഐ.ആറിൽ ചർച്ച അനുവദിക്കാത്തതിൽ ഇൻഡ്യ എം.പിമാർ പ്രതിഷേധം തുടങ്ങിയയുടൻ ലോക്സഭയും രാജ്യസഭയും ഉടൻ നിർത്തിവെച്ചു. തുടർന്ന് 12ന് വീണ്ടും ലോക്സഭ ചേർന്നത് അനിശ്ചിത കാലത്തേക്ക് പിരിയാനായിരുന്നു.
അതിനായി എത്തിയ പ്രധാനമന്ത്രിയെ ‘ജയ് ശ്രീറാം’ വിളികളുമായി ഭരണപക്ഷം വരവേറ്റപ്പോൾ ‘വോട്ടു ചോർ, ഗദ്ദി ഛോഡ്’ വിളികളുമായി പ്രതിപക്ഷവും വരവേറ്റു. തുടർന്ന് സമാപനത്തിനായി സഭയുടെ ഈ സമ്മേളനത്തിലെ പ്രവർത്തനം വിലയിരുത്തി സ്പീക്കർ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലിറങ്ങി. സ്പീക്കർ സംസാരം അവസാനിപ്പിച്ച് ദേശീയഗാനത്തിനായി എഴുന്നേൽക്കുന്നത് വരെ നടുത്തളത്തിലെ പ്രതിഷേധം തുടർന്നു.
രാജ്യസഭ രണ്ട് മണിക്ക് രണ്ടാമതും ചേർന്നപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ അമിത് ഷാ വിവാദ ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചയുടൻ പ്രതിപക്ഷം ബില്ലുകളൊന്നാകെ വലിച്ചുകീറിയെറിഞ്ഞു. ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ രാജ്യസഭ പാസാക്കിയതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും തമ്മിൽ വാക്കേറ്റമുണ്ടായി.
ചർച്ചയില്ലാതെ പാസാക്കിയത് 27 ബില്ലുകൾ
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ വർഷകാല പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലുമായി പാസാക്കിയത് 27 ബില്ലുകൾ. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ അറസ്റ്റിലായി ഒരു മാസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകുന്ന ഭരണഘടന ഭേദഗതി ഉൾപ്പെട്ട മൂന്ന് ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനക്ക് വിടുകയും ചെയ്തു.
ലോക്സഭയിൽ 12 ബില്ലുകളും രാജ്യസഭയിൽ 15 ബില്ലുകളുമാണ് പാസാക്കിയത്. ആദായനികുതി ബിൽ, നികുതി നിയമങ്ങൾ (ഭേദഗതി) ബിൽ, ഓൺലൈൻ ഗെയിമിങ്ങിന്റെ പ്രോത്സാഹനവും നിയന്ത്രണവും ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഭേദഗതി) ബിൽ, ഗോവ സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളിലെ പട്ടികവർഗ പ്രാതിനിധ്യ പുനഃക്രമീകരണ ബിൽ, മർച്ചന്റ് ഷിപ്പിങ് ബിൽ, മണിപ്പൂർ ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ, മണിപ്പൂർ വിനിയോഗം (നമ്പർ 2) ബിൽ എന്നിവയടക്കമാണ് ലോക്സഭ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

