പ്രക്ഷുബ്ദമാവുമോ ശീതകാല സമ്മേളനം? ഞായറാഴ്ച സർവകക്ഷി യോഗം വിളിച്ച് സർക്കാർ, ഇൻഡ്യ സഖ്യം നേതാക്കളുടെ യോഗം തിങ്കളാഴ്ച
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച രാവിലെ 11ന് സർവകക്ഷി യോഗം ചേരും. തുടർന്ന്, വൈകീട്ട് നാലുമണിക്ക് ഇരുസഭകളുടെയും ബിസിനസ് അഡ്വൈസറി കമ്മറ്റികളുടെ യോഗങ്ങളും നടക്കും.
ഇൻഡ്യ സഖ്യത്തിലെ പാർലമെന്ററി നേതാക്കളുടെ യോഗം തിങ്കളാഴ്ച രാവിലെ 10ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖർഗെയുടെ ഓഫീസിൽ ചേരും.
ലോക്സഭയുടെയും രാജ്യസഭയുടെയും സുഗമമായ പ്രവർത്തനത്തിന് പാർട്ടികളുടെ സഹകരണം സർക്കാർ സർവകക്ഷി യോഗത്തിൽ തേടിയേക്കും. നിർണായക പ്രാധാന്യമുള്ള 12 ബില്ലുകള്‍ ഇക്കുറി സഭയിൽ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ആണവ വൈദ്യുതി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന ആണവോര്‍ജ ബില്‍ ആണ് ഇതില്‍ പ്രധാനം. ഡിസംബര്‍ ഒന്നുമുതല്‍ 19 വരെയാണ് ശീതകാല സമ്മേളനം.
അതീവ നിയന്ത്രണമുള്ള ആണവ വൈദ്യുതി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള ബില്‍ കടുത്ത പ്രതിഷേധമുയര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ഇന്‍ഷുറന്‍സ് നിയമസഭേദഗതി ബില്‍, സര്‍വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വയംഭരണത്തിന് പ്രാപ്തമാക്കാന്‍ ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്നത വിദ്യാഭ്യാസ കമ്മിഷന്‍ ബില്‍, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിനെ സ്വതന്ത്ര അഡ്മിനിസ്ട്രേറ്റര്‍ക്കു കീഴിയില്‍ കൊണ്ടുവരുന്ന 131 ആം ഭരണഘടന ഭേദഗതി ബില്‍ എന്നിവയും ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
19 ദിവസമാണ് സമ്മേളന കാലാവധിയെങ്കിലും അവധികള്‍ ഒഴിവാക്കിയാല്‍ 15 ദിവസമേ സഭ ചേരൂ. ഓപ്പറേഷന്‍ സിന്ദൂരിലെ യു.എസ്. ഇടപെടല്‍, എസ്.ഐ.ആര്‍ എന്നിവയില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടാല്‍ സഭാ നടപടികള്‍ സംഘര്‍ഷഭരിതമാകും.
തൃണമൂൽ കോൺഗ്രസടക്കമുള്ള കക്ഷികൾ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാളിൽ ഇതുവരെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടതായാണ് ശനിയാഴ്ച തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെയും സഹ കമീഷണർമാരുടെയും കൈയ്യിൽ രകതക്കറയുണ്ടെന്ന് തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമീഷനുമായി തൃണമൂൽ നേതാക്കൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചതായും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും സംഘത്തെ നയിച്ച ഒബ്രിയാൻ ആരോപിച്ചിരുന്നു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ആരും മരിച്ചിട്ടില്ലെന്നും ആരോപണം മാത്രമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകിയതെന്ന് സംഘത്തിലുണ്ടായിരുന്ന തൃണമൂൽ നേതാവും ലോക്സഭ എം.പിയുമായ മഹുവ മോയ്ത്രയും ആരോപിച്ചിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നവംബർ നാലിന് ആരംഭിച്ച രണ്ടാംഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾക്കൊള്ളുന്നത്. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

