പാർലമെന്റ് സമ്മേളനം ഇന്നു തുടങ്ങും; എസ്.ഐ.ആറിൽ മുങ്ങും
text_fieldsന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഡിസംബർ 19 വരെ നടക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം എസ്.ഐ.ആറിൽ മുങ്ങുമെന്ന് ഉറപ്പായി. ശൈത്യകാല സമ്മേളനത്തിന്റെ മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ എസ്.ഐ.ആർ ചർച്ചക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമൊന്നുമുണ്ടായില്ല.
എസ്.ഐ.ആർ ചർച്ച ചെയ്യാതെ, പാർലമെന്റ് സമ്മേളനം നടക്കാൻ അനുവദിക്കില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് സർവകക്ഷി യോഗത്തിൽ പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന തൃണമൂൽ കോൺഗ്രസും ശൈത്യകാല സമ്മേളനം നടക്കുമോ എന്നത് എസ്.ഐ.ആർ ചർച്ചയിലെ സർക്കാർ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് തൃണമൂൽ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്റേൻ പറഞ്ഞു. എസ്.ഐ.ആർ തന്നെയാണ് ശൈത്യകാല സമ്മേളനത്തിലെ മുഖ്യ വിഷയമെന്ന് ഡി.എം.കെ നേതാവ് തിരുച്ചി ശിവയും ആവശ്യപ്പെട്ടു.
എസ്.ഐ.ആറിന്റെ കാര്യത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായിരുന്നെന്ന് തിരുച്ചി ശിവ യോഗത്തിനു ശേഷം പറഞ്ഞു. സർക്കാറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി നഡ്ഢ, അർജുൻ റാം മേഘവാൾ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ നിന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, സി.പി.എം രാജ്യസഭ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, സി.പി.ഐ രാജ്യസഭ കക്ഷി നേതാവ് എ. സന്തോഷ് കുമാർ, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എന്നിവരും പങ്കെടുത്തു.
സമ്മേളനം നടക്കരുതെന്ന് സർക്കാർ ആഗ്രഹം -കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പാർലമെന്റ് സമ്മേളനം നടക്കരുതെന്നാണ് സർക്കാറിന്റെ ആഗ്രഹമെന്ന് കോൺഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗോഗോയ് സർവകക്ഷി യോഗത്തിന് ശേഷം പറഞ്ഞു. എസ്.ഐ.ആർ ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നതിനർഥം പാർലമെന്റ് സമ്മേളനം നടക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല എന്നാണെന്ന് കോൺഗ്രസ് രാജ്യസഭ ഉപ നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമ്മേളന ദിവസങ്ങളാണ് ശൈത്യകാല സമ്മേളനത്തിനായി സർക്കാർ തീരുമാനിച്ചതെന്നും 15 ദിവസം മാത്രം ശൈത്യകാല സമ്മേളനം ഇതുവരെ നടത്തിയിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. സർവകക്ഷിയോഗം കേവലം ഔപചാരികത മാത്രമായി മാറിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി കുറ്റപ്പെടുത്തി.
സർക്കാർ മറുപടി നൽകിയില്ലെന്ന് കിരൺ റിജിജു
ന്യൂഡൽഹി: എസ്.ഐ.ആർ ചർച്ച ചെയ്യണമെന്ന വിവിധ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽ സർവകക്ഷി യോഗത്തിൽ സർക്കാർ മറുപടിയൊന്നും നൽകിയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു സർവകക്ഷി സമ്മേളനത്തിന് ശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിന്റെ കാര്യോപദേശക സമിതിയാണ് അജണ്ട തീരുമാനിക്കേണ്ടത്.
ഞായറാഴ്ച വൈകീട്ട് സമിതി ചേരുമെന്നും അതിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്നും കിരൺ റിജിജു പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി ഇരു സഭകളെയും നടപടികളിലേക്ക് കടക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് റിജിജു ആവശ്യപ്പെട്ടു. 36 രാഷ്ട്രീയ പാർട്ടികളും 50 നേതാക്കളും സർവകക്ഷി യോഗത്തിൽ സംബന്ധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

