ആഗസ്റ്റ് 13ന് പിരിഞ്ഞ സമ്മേളനം 100 ദിവസം പിന്നിട്ടിട്ടും ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല; ശീതകാല സമ്മേളനവും അനിശ്ചിതത്വത്തിൽ!
text_fieldsന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരം.
ന്യൂഡൽഹി : പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ 100 ദിവസം പിന്നിട്ടു. വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ പ്രത്യേക സമ്മേളനം വിളിക്കുമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. സമ്മേളനം ഇത്രയും ദിവസം ഔദ്യോഗികമായി അവസാനിപ്പിക്കാതെ തുടരുന്നത് പുതിയ റെക്കോർഡാണ്. ആഗസ്റ്റ് 13നാണ് ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എന്നാൽ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്ന നടപടിയായ പ്രോറോഗേഷൻ ഇതുവരെ ഉണ്ടായിട്ടില്ല. 2008ൽ 87 ദിവസമായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്.
വനിതാ സംവരണ ബിൽ പാസാക്കുന്നതിനായി പ്രത്യേക സമ്മേളനം വിളിക്കാനോ നിലവിലെ സമ്മേളനം നീട്ടാനോ ഉള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുകയാണ്. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയത്തിലൂടെ പരമാവധി 850 ആയി ഉയർത്താനും, പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കാനുമാണ് നിർദ്ദേശം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഓരോ സംസ്ഥാനത്തെയും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുന്ന നിർദേശവും പരിഗണനയിലുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിൽ വ്യക്തത വരുത്താൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം അടുത്ത 25 വർഷത്തേക്ക് 543 ആയിത്തന്നെ നിലനിർത്തണമെന്നും, നിലവിലുള്ള സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
അതേസമയം, ബിൽ പാസാക്കുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ അനിശ്ചിതത്വം വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിന്റെ തീയതിയെയും ബാധിച്ചിട്ടുണ്ട്. ഡിസംബർ ആദ്യവാരം ശീതകാല സമ്മേളനം ആരംഭിക്കുമെന്നാണ് നിലവിലെ സൂചന.

