Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റിലെ അതിക്രമം:...

പാർലമെന്റിലെ അതിക്രമം: ഞെട്ടൽ മാറാതെ കേരള എം.പിമാർ

text_fields
bookmark_border
പാർലമെന്റിലെ അതിക്രമം: ഞെട്ടൽ മാറാതെ കേരള എം.പിമാർ
cancel

ന്യൂഡൽഹി: ‘ഗാലറിയില്‍നിന്ന് രണ്ടു ചെറുപ്പക്കാര്‍ എടുത്തുചാടി. ഒരാള്‍ അപ്പുറത്ത് മാറിനിന്നു. ഒരാള്‍ മേശകള്‍ക്കു മുകളിലൂടെ ചാടിച്ചാടി മുന്നിലേക്ക് വരുകയായിരുന്നു. ഇതിനിടെ ചെരിപ്പ് ഊരിപ്പോയി. അത് ചാടിയെടുത്ത് അടുത്ത മേശപ്പുറത്തേക്ക് ചാടി. എം.പിമാര്‍തന്നെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ഈ സമയം അപ്പുറത്ത് രണ്ടാമത്തെയാള്‍ മഞ്ഞനിറമുള്ള ഗ്യാസ് പോലെ എന്തോ വസ്തു കത്തിച്ചു. സ്‌പ്രേ പോലെയുള്ള വസ്തു ആണെന്ന് തോന്നുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സഭക്കുള്ളിലുണ്ടായിരുന്നു. ശൂന്യവേളയുടെ സമയത്തായിരുന്നു സംഭവം. അഞ്ച് മിനിറ്റുപോലും എടുത്തില്ല’ ഞെട്ടൽ മാറാതെ അടൂര്‍ പ്രകാശ് എം.പി സംഭവം വിശദീകരിച്ചതിങ്ങനെയാണ്. ലോക്‌സഭ ആക്രമണത്തിന്റെ വാര്‍ഷികം ആയതിനാൽ കൂടുതല്‍ സൂക്ഷിക്കേണ്ടത് സുരക്ഷ ഭടന്മാരുടെ ചുമതലയായിരുന്നു. സുരക്ഷസംവിധാനം ശക്തമാണെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുറത്തേക്കിറങ്ങി സഭക്ക് അകത്തേക്ക് വീണ്ടും കയറി വാതിലിനടുത്ത് എത്തിയപ്പോഴാണ് ആക്രമണം കാണുന്നതെന്ന് കെ. സുധാകാരൻ എം.പി പറഞ്ഞു. വളരെ ഭീകരമായ അവസ്ഥയായിരുന്നു. അകത്ത് കയറിയപ്പോള്‍ പുക നിറഞ്ഞിരുന്നു. ആകെ ബഹളമായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഹാളിനുള്ളില്‍ പുക നിറഞ്ഞു. പുക ശ്വസിക്കുന്നത് അപകടകരമാണെന്ന് കണ്ട് എല്ലാവരും വേഗം പുറത്തേക്ക് വന്നു. വലിയ സുരക്ഷവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരെയും ദേഹപരിശോധനക്കു ശേഷമാണ് അകത്തേക്ക് കയറ്റുന്നത്. ഇവര്‍ കൈയില്‍ പുകയുള്ള സാധനവുമായി എങ്ങനെ കയറി എന്നത് അത്ഭുതകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശൂന്യവേള നടക്കുന്ന സമയത്ത് ഗാലറിയില്‍നിന്ന് പെട്ടെന്നാണ് ഒരാൾ എടുത്തു ചാടിയത്. പിന്നാലെ മറ്റൊരാള്‍ കൂടി ചാടി. അയാള്‍ ഒരു കളര്‍ ഗ്യാസ് പോലെ എന്തോ കത്തിച്ചു. അയാള്‍ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായില്ല. ഒരാളെ കീഴടക്കിയസമയത്താണ് മറ്റെയാള്‍ ചാടിയത്. ഞങ്ങള്‍ വിജയിച്ചു എന്ന രീതിയിലായിരുന്നു അയാളുടെ പ്രതികരണം. എന്തായാലും വലിയ സുരക്ഷവീഴ്ചയാണെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ വിശദീകരിച്ചു.

സംഭവം നടക്കുമ്പോൾ കുറച്ച് എം.പിമാർ മാത്രമാണ് സഭയിൽ ഉണ്ടായിരുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എം.പിമാരുടെ സുരക്ഷക്ക് സർക്കാർ പുല്ലുവിലയാണ് നൽകുന്നത്. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. ആക്രമികളുടെ കൈയിൽ വിഷദ്രാവകം ഉണ്ടായിരുന്നുവെങ്കിൽ എത്ര പേർ മരിക്കുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

സംഭവം നടക്കുമ്പോള്‍ ലോബിയിലായിരുന്നു താനെന്നും അറിഞ്ഞ ഉടന്‍ ലോക്‌സഭക്കകത്ത് പ്രവേശിച്ചപ്പോൾ ചേംബറില്‍ അതിഭയങ്കരമായ പുക പരക്കുന്നതാണ് കണ്ടതെന്നും കൊടിക്കുന്നിൽ സുരേഷ് വിശദീകരിച്ചു. അങ്ങോട്ടുപോകരുതെന്ന് എല്ലാവരും പറഞ്ഞു. വിഷാംശമുള്ള പുകയാണെങ്കില്‍ ശ്വസിച്ചാല്‍ അപകടമാണെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതിസുരക്ഷയുള്ള പാര്‍ലമെന്റിനകത്ത് ഒരാള്‍ ഇതുമായി കയറിയത് എങ്ങനെയാണ് -അദ്ദേഹം ചോദിച്ചു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ സുരക്ഷ സംവിധാനങ്ങൾ കുറവാണെന്ന് ശശി തരൂർ എം.പി കുറ്റപ്പെടുത്തി. ഗുരുതര സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ബി.ജെ.പി എം.പിയുടെ സഹായത്തോടെയാണ് പ്രതിഷേധക്കാർ പാർലമെന്റിനുള്ളിൽ കയറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിന് അകത്തുപോലും എം.പിമാർ സുരക്ഷിതരല്ലെന്ന സാഹചര്യം അതിഗൗരവകരമാണെന്ന് എളമരം കരീം പ്രതികരിച്ചു. പ്രതി ഇതര മതസ്ഥനോ, പാസ് നൽകിയത് പ്രതിപക്ഷ എം.പിയോ ആയിരുന്നുവെങ്കിൽ കേന്ദ്ര സർക്കാർ നിലപാട് എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala mpsParliament Security Breach
News Summary - Parliament Security Breach: Kerala MPs remain shocked
Next Story