ഉന്തുംതള്ളും ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതി -പ്രതിപക്ഷം
text_fieldsന്യൂഡൽഹി: വ്യാഴാഴ്ച പാർലമെന്റിന്റെ മുഖ്യകവാടത്തിൽ ഇൻഡ്യ എം.പിമാരുമായുണ്ടായ ഉന്തുംതള്ളും രണ്ട് ബി.ജെ.പി എം.പിമാർ വീണതും രാഹുൽ ഗാന്ധിക്കെതിരായ കേസുമെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്ന് പ്രതിപക്ഷം. അമിത് ഷായുടെ സമ്മർദത്തിന് വഴങ്ങിയാണിത്. രണ്ട് എം.പിമാരെ അനാവശ്യമായി തീവ്ര പരിചരണ വിഭാഗത്തിൽ കിടത്തിയിരിക്കുന്നത് അതുകൊണ്ടാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. വനിത എം.പി രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതും അമിത് ഷായുടെ സമ്മർദത്താലാണെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു.
എം.പിമാരെ തീവ്ര പരിചരണ വിഭാഗത്തിൽ കിടത്തി ബി.ജെ.പി നാടകം കളിക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് ജയ ബച്ചൻ പറഞ്ഞു. അല്ലെങ്കിൽ എങ്ങനെയാണ് ഐ.സി.യുവിലുള്ള രോഗിയുമായി മോദി ഫോണിൽ സംസാരിച്ചതെന്ന് അവർ ചോദിച്ചു. ഭരണം കൈയിലുള്ളപ്പോൾ ബി.ജെ.പി എന്തും ചെയ്യുമെന്നതിന്റെ തെളിവാണിതെന്നും അവർ പറഞ്ഞു.
സിഖ് കലാപത്തെ ഓർമിപ്പിക്കുന്ന ബാഗ് പ്രിയങ്കക്ക് സമ്മാനിച്ച് ബി.ജെ.പി
ന്യൂഡൽഹി: സിഖ് കലാപത്തെ ഓർമിപ്പിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിക്ക് ചുവന്ന നിറത്തിൽ ‘1984’ എന്ന് എഴുതിയ ബാഗ് സമ്മാനിച്ച് ഒഡിഷയിൽനിന്നുള്ള ബി.ജെ.പി എം.പി അപരാജിത സാരംഗി. വെള്ളിയാഴ്ച പാർലമെന്റ് മന്ദിരത്തിൽ വെച്ച് ബി.ജെ.പി എം.പി നൽകിയ ബാഗ് പ്രിയങ്ക സ്വീകരിച്ചു. വർഷങ്ങൾക്കു മുമ്പ് കോൺഗ്രസ് എന്തെല്ലാമാണ് ചെയ്തിട്ടുള്ളതെന്ന് പുതുതലമുറ ഓർക്കണം. പ്രിയങ്കക്ക് ബാഗുകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ഞാനും ഒരു ബാഗ് നൽകിയെന്ന് സാരംഗി പറഞ്ഞു. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ബംഗ്ലാദേശിൽ ന്യൂനപക്ഷ ആക്രമണങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയുമുള്ള ബാഗുകളുമായി പ്രിയങ്ക പാർലമെന്റിൽ എത്തിയിരുന്നു.
രാജ്യസഭ ചേർന്നത് കേവലം 43 മണിക്കൂർ
ന്യൂഡൽഹി: ശൈത്യകാല സമ്മേളനത്തിൽ ആകെ 43 മണിക്കൂറും 27 മിനിറ്റും സമ്മേളിച്ച രാജ്യസഭയുടെ ഉൽപാദന ക്ഷമത കേവലം 40.03 ശതമാനം മാത്രമാണെന്ന് ഉപസംഹാര പ്രസംഗത്തിൽ രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ. എന്നാൽ, പ്രതിപക്ഷ നേതാക്കളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന രാജ്യസഭയിൽ 30 ശതമാനം സമയം സംസാരിച്ചതും ചെയർമാൻ ജഗ്ദീപ് ധൻഖർ ആയിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ വിമർശിച്ചു. ഡിസംബർ 18വരെ രാജ്യസഭ ആകെ സമ്മേളിച്ചത് 43 മണിക്കൂർ ആയിരുന്നുവെന്നും അതിൽ നാലര മണിക്കൂർ സമയവും ധൻഖർ സംസാരിക്കാൻ എടുത്തുവെന്നും ഡെറിക് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

