എൽ.എൽ.പി, ഇൻഷൂറൻസ് പരിരക്ഷ ബില്ലുകൾ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിനെ ചൊല്ലി പാർലമെൻറിൽ തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ സർക്കാർ മൂന്ന് ബില്ലുകൾ പാസാക്കുകയും രണ്ട് ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള പരിമിത ബാധ്യത പങ്കാളിത്ത ഭേദഗതി (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്-എൽ.എൽ.പി) ബിൽ, ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷൂറൻസ് ആൻറ് ക്രെഡിറ്റ് ഗാരൻറി കോർപറേഷൻ ഭേദഗതി ബിൽ, പിന്നാക്ക ജാതി പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടന ഭേദഗതി ബിൽ എന്നിവയാണ് പ്രതിപക്ഷ ബഹളത്തിനിടെ പാസാക്കിയത്. സഭ ക്രമത്തിലല്ലാത്ത സമയത്ത് ബില്ലുകൾ പാസാക്കുന്നത് ജനാധിപത്യത്തിെൻറ കശാപ്പാണെന്ന് കോൺഗ്രസ് നേതാക്കളായ അധിർരഞ്ജൻ ചൗധരിയും മനീഷ് തിവാരിയും ആരോപിച്ചു.
ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് ബില്ല് പാസാക്കുന്നതെന്ന് ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ഹോമിയോപതി ദേശീയ കമീഷൻ ഭേദഗതി 2021, ഭാരതീയ വൈദ്യശാസ്ത്ര ദേശീയ കമ്മീഷൻ ഭേദഗതി 2012 ബില്ലുകളാണ് സർക്കാർ അവതരിപ്പിച്ചത്. രാവിലെ സഭ സമ്മേളിച്ച ഉടൻതന്നെ പെഗസസ് വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ബഹളം കാരണം സഭ 11.30 വരെ നിർത്തിവെച്ചു. പിന്നീട് സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ വെല്ലിലേക്കിറങ്ങി. ബഹളം കാരണം സഭ അൽപനേരം നിർത്തിവെക്കേണ്ടിവന്നു. ഉച്ചക്ക് വീണ്ടും സമ്മേളിച്ചപ്പോൾ ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ ആയുഷ് മന്ത്രി സർബാനന്ദ സൊനോവാളിനെ ബില്ല്അവതരിപ്പിക്കാൻ ക്ഷണിച്ചു.
ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതും വൈദ്യ പഠനചെലവ് കുറക്കുന്നതുമായ ഹോമിയോപതി ദേശീയ കമീഷൻ ഭേദഗതി ബിൽ 2021 സൊനോവാൾ അവതരിപ്പിച്ചു. പാരമ്പര്യ വൈദ്യന്മാരുടെ സേവനം എല്ലാവർക്കും ലഭിക്കുന്നത് ലക്ഷ്യമാക്കിയുള്ളതാണ് ആയുഷ് മന്ത്രി അവതരിപ്പിച്ച രണ്ടാമത്തെ ബിൽ. രണ്ട് ബില്ലുകളേയും ടി.എം.സി അംഗം സൗഗത റോയ് എതിർത്തു. എന്നാൽ, ബില്ലുകളെ സർക്കാർ ന്യായീകരിച്ചു.
പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുന്നതിനിടെ, പിന്നാക്ക പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിക്കാൻ അഗർവാൾ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാറിനെ ക്ഷണിച്ചു. നീക്കം കോൺഗ്രസ് എതിർത്തു. പെഗസസ് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നതിനിടെ അത് അവഗണിച്ച് ബില്ല് അവതരിപ്പിക്കാൻ പറ്റില്ലെന്ന് അധിർരഞ്ജൻ ചൗധരി പറഞ്ഞു. ഇത് വകവെക്കാതെ മന്ത്രി ബില്ലവതരിപ്പിച്ചു. തുടർന്ന് സഭ പിന്നേയും ഉച്ച വരെ നിർത്തിവെച്ചു. ഉച്ചക്ക് വീണ്ടും യോഗം ചേർന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം അടങ്ങിയിരുന്നില്ല.
തുടർന്ന് എൽ.എൽ.പി ബില്ലും ഇൻഷൂറൻസ് പരിരക്ഷ ബില്ലും തിരക്കിട്ട് പാസാക്കി. അരുണാചലിലെ പട്ടികവർഗ വിഭാഗ പട്ടികയിൽ ഭേദഗതി വരുത്താൻ നിർദേശിക്കുന്ന ബില്ലും ഒച്ചപ്പാടിനിടെ സർക്കാർ പാസാക്കിയെടുത്തു. പിന്നീട് ഉച്ച വരെ സഭ നിർത്തിവെച്ചു. ഉച്ച രണ്ടിന് വീണ്ടും സമ്മേളിച്ചെങ്കിലും സ്ഥിതി ശാന്തമായിരുന്നില്ല. തുടർന്ന് ലോക്സഭ ചൊവ്വാഴ്ച വരെ പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

