നീറ്റ് ചോർച്ച: എൻ.ടി.എ ഉദ്യോഗസ്ഥരോട് രോഷം പ്രകടിപ്പിച്ച് പാർലമെന്ററി സമിതി
text_fieldsന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം ആരാഞ്ഞ് പാർലമെന്ററി സമിതി.
വ്യാഴാഴ്ച നടന്ന വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, കായികം എന്നിവക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലേക്ക് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി വിനീത് ജോഷി, എൻ.ടി.എ ചെയർമാൻ പ്രദീപ് കുമാർ ജോഷി, ഡയറക്ടർ ജനറൽ അഭിഷേക് സിങ് എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ചാണ് എം.പിമാർ രോഷം അറിയിച്ചത്.
എങ്ങനെയാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നതെന്ന എം.പിമാരുടെ ചോദ്യത്തിന്, തങ്ങളുടെ സിസ്റ്റത്തിലൂടെയല്ല ചോർച്ച ഉണ്ടായതെന്ന് എൻ.ടി.എ ഡയറക്ടർ ജനറൽ മറുപടി നൽകി.
പിന്നെ എങ്ങനെയാണ് പേപ്പർ ചോർന്നതെന്നും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ട സാഹചര്യം എങ്ങനെ ഉണ്ടായെന്നും എം.പിമാർ തിരിച്ചുചോദിച്ചു. കൃത്യമായ മറുപടി നൽകാതിരുന്ന എൻ.ടി.എ ഡയറക്ടർ, സി.ബി.ഐ അന്വേഷിക്കുകയാണെന്ന് വ്യക്തമാക്കി ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അന്വേഷണ റിപ്പോർട്ട് സമിതിക്ക് മുന്നിൽ സമർപ്പിക്കണമെന്ന് സമിതിയിലെ പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങൾ ഇതിനെ എതിർത്തു.
എൻ.ടി.എയുടെ പരിഷ്കരണങ്ങൾക്കായുള്ള രാധാകൃഷ്ണൻ റിപ്പോർട്ടിലെ ഹ്രസ്വകാല നിർദേശങ്ങളിൽ 70 ശതമാനവും ഇതിനകം നടപ്പാക്കിയതായി ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. ഭാവിയിൽ സുരക്ഷിതമായ പരീക്ഷാ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ അവലോകനം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

