പാർലമെന്റ് അതിക്രമം; ബി.ജെ.പി എം.പിയുടെ മൊഴിയെടുക്കും
text_fieldsന്യൂഡൽഹി: പാർലമെന്റിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ അക്രമികൾക്ക് ലോക്സഭാ സന്ദർശക പാസ് എടുത്തുകൊടുത്ത കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴിയെടുക്കാൻ ഡൽഹി പൊലീസ് സ്പെഷൽ സെൽ തീരുമാനിച്ചു. പാർലമെന്റിന്റെ സുരക്ഷ അപകടത്തിലാക്കിയ ബി.ജെ.പി എം.പിക്കെതിരെ സ്പീക്കറുടെ നടപടിയും അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണവും ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടുദിവസം ഇരുസഭകളും സ്തംഭിപ്പിച്ചതിന് ശേഷമാണ് കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സ്പെഷൽ സെൽ എം.പിയുടെ മൊഴിയെടുക്കുന്നത്. അതിനിടെ കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സ്പെഷൽ സെൽ ആറാമത്തെ അറസ്റ്റ് രേഖപ്പെടുത്തി.
സൂത്രധാരനെന്ന് പൊലീസ് പറയുന്ന ലളിത് ഝാക്കൊപ്പം പിടികൂടിയ മഹേഷ് കുമാവതിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നേരത്തെ തെളിവ് നശിപ്പിക്കാൻ ലളിത് ഝായെ സഹായിച്ചുവെന്ന കുറ്റം മഹേഷിനെതിരെ ആരോപിച്ച പൊലീസ് ഞായറാഴ്ചയാണ് ഗൂഢാലോചനയിലും പങ്കുണ്ടെന്ന കുറ്റം കൂടി ചുമത്തിയത്. ശനിയാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കിയ മഹേഷിനെ മറ്റു അഞ്ചു പ്രതികളെയും പോലെ ചോദ്യം ചെയ്യാനായി ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റ് രേഖപ്പെടുത്താത്ത രണ്ടിലധികം പേർ ഇനിയും പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളിലൊരാളായ ഡി. മനോരഞ്ജന്റെ ബി.ജെ.പിക്കാരനായ പിതാവാണ് പാസ് ഉണ്ടാക്കിക്കൊടുക്കാൻ തന്നെ വിളിച്ചുപറഞ്ഞതെന്ന് പ്രതാപ് സിംഹ ലോക്സഭ സ്പീക്കർ ഓം ബിർളയോടും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയോടും പറഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ സ്പീക്കറും പാർട്ടിയും ഡൽഹി പൊലീസും പ്രതാപ് സിംഹക്കെതിരെ ഒരു തരത്തിലുള്ള നടപടിയുമെടുത്തിട്ടില്ല.
ശരീരമാസകലം പൊള്ളലേൽക്കാത്ത ലേപനം പുരട്ടി പാർലമെന്റിന് മുന്നിൽവന്ന് സ്വയം തീകൊളുത്തി പ്രതിഷേധിക്കാനായിരുന്നു കേസിൽ അറസ്റ്റിലായ സാഗർ ശർമ, ഡി. മനോരഞ്ജൻ, അമോൾ ഷിൻഡെ, നീലം ദേവി, ലളിത് ഝാ എന്നിവരുടെ ആദ്യപദ്ധതിയെന്ന് ഡൽഹി പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രതികൾ കൈയിൽ കരുതിയിരുന്ന, കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ലഘുലേഖകൾ വിതരണം ചെയ്ത് തീകൊളുത്തി ജനശ്രദ്ധ ആകർഷിക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ ശനിയാഴ്ചത്തെ വെളിപ്പെടുത്തൽ. എന്നാൽ, തീ കത്തിയാലും പൊള്ളലേൽക്കാത്ത ‘ഫയർ പ്രൂഫ് ജെൽ’ കിട്ടാതെ വന്നപ്പോഴാണ് പുകത്തോക്ക് പൊട്ടിച്ച് പാർലമെന്റിനകത്ത് പ്രതിഷേധം നടത്താൻ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനായാണ് ഏഴ് പുകത്തോക്കുകളുമായി അഞ്ചുപേർ വന്നതെന്നും പൊലീസ് പറഞ്ഞു. 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22ാം വാർഷിക ദിനമായ ഡിസംബർ 13ന് ഉച്ചക്ക് 12.33ന് അമോൾ ഷിൻഡെയും നീലം ആസാദും പാർലമെന്റ് കവാടത്തിനുമുന്നിൽ പൊട്ടിച്ചതും ഉച്ചക്ക് 1.01ന് സാഗർ ശർമയും മനോരഞ്ജനും ലോക്സഭാ ഗാലറിയിൽനിന്ന് എം.പിമാർക്കിടയിലേക്ക് ചാടിവീണ് പൊട്ടിച്ചതും ഈ പുകത്തോക്കുകളാണ്. ഇതിലൂടെ കേന്ദ്ര സർക്കാറിന് ശക്തമായ സന്ദേശം നൽകുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
ഗൂഗ്ൾ വഴിയാണ് പാർലമെന്റ് സുരക്ഷാ ക്രമീകരണങ്ങൾ മനസ്സിലാക്കിയതെന്നും സംഘാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ചോർന്നുപോകാതിരിക്കാൻ ‘സിഗ്നൽ’ ആപ് ആണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ ഗൂഢാലോചന നടന്ന കൊണാട്ട്പ്ലേസ്, ഇന്ത്യ ഗേറ്റ്, പാർലമെന്റ് കവാടം തുടങ്ങി വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി പൊലീസ് വെള്ളിയാഴ്ച രാത്രി തെളിവെടുപ്പ് നടത്തി. പാർലമെന്റ് അതിക്രമം ഭീകര കേസാണെന്ന് അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

