രാമക്ഷേത്രക്കൊള്ള, ചോദ്യച്ചോർച്ച...; പാർലമെന്റ് വർഷകാല സമ്മേളനം പ്രക്ഷുബ്ധമാകും
text_fieldsന്യൂഡൽഹി: രാമക്ഷേത്രക്കൊള്ളയും ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ നടത്തിപ്പിലെ അപാകതയും വിവാദ ബില്ലുകൾ പാസാക്കാനുള്ള സർക്കാർ നീക്കവും 20ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. തൃണമൂൽ കോൺഗ്രസിനെ നെടുകെ പിളർത്തിയും ഡി.എം.കെയെ പ്രശ്നാധിഷ്ഠിതമായി കൂടെ നിർത്താൻ ശ്രമിച്ചും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ തുടർന്ന് പ്രതിപക്ഷം കൂടുതൽ ദുർബലമാകുന്നതിനിടയിലാണ് വർഷകാല സമ്മേളനം. മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലും ക്രിമിനൽ കേസുകളിൽ ഒരു മാസത്തിലേറെ കസ്റ്റഡിയിൽ വെച്ചാൽ മന്ത്രിമാരെ നീക്കം ചെയ്യാൻ അനുമതി നൽകുന്ന ബില്ലും പാസാക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ബി.ജെ.പിക്ക് തികക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ അറസ്റ്റിലായാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യാനുള്ള ബില്ലിന്മേലുള്ള പാർലമെന്ററി സമിതി റിപ്പോർട്ട് 17ന് സമർപ്പിക്കും. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാൻ മാത്രമാണ് ബി.ജെ.പി നിയമനിർമാണം നടത്തുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
25 ദിവസം നീളുന്ന സമ്മേളനത്തിൽ 19 ദിവസമാണ് സഭ ചേരുക. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വിജയത്തോടൊപ്പം ബംഗാളിൽ തൃണമൂലിനെ പിളർത്തി അവരെ സഭയിൽ മറ്റൊരു പാർട്ടിയാക്കി അംഗീകരിപ്പിച്ചതിന്റെ വർധിത വീര്യവുമായാണ് ബി.ജെ.പി എത്തുന്നത്. വേറിട്ട ഗ്രൂപ്പുകളായി അംഗീകരിക്കണമെന്നുള്ള 20 ടി.എം.സി എം.പിമാരുടെയും ആറ് ശിവസേന എം.പിമാരുടെയും അപേക്ഷകൾ സ്‍പീക്കറുടെ മുൻപാകെയുണ്ട്. ശിവസേനയും വിമത കൂറുമാറ്റം നേരിടുന്നുണ്ട്. കോൺഗ്രസ് തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം വിട്ട് ടി.വി.കെയുമായി ചേരുകയും ചെയ്തു. ഇതെല്ലാം വർഷകാല സമ്മേളനത്തിൽ ഉയർന്നുവരുമെന്നത് തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

