പാർലമെന്റിന് മുകളിൽ ആരുമില്ല; വീണ്ടും സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വീണ്ടും വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനപ്രകാരം ഏറ്റവും ഉന്നതമായ സ്ഥാപനം പാർലമെന്റാണ്. ഇതിന് മുകളിൽ ഒരു സ്ഥാപനവും ഇല്ലെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്തെ സംബന്ധിച്ച ഉത്തരവാദിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടപെടാൻ സുപ്രീംകോടതി തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടപ്പോൾ ഒമ്പത് ഹൈകോടതികളുടെ വിധി തള്ളി അതിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
ഭരണഘടനയുടെ ആമുഖം സംബന്ധിച്ചും വ്യത്യസ്തമായ വിധികളാണ് കോടതി പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗൊരക്നാഥി കേസിൽ ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. എന്നാൽ, കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ ഭാഗമാണ് ആമുഖമെന്നാണ് കോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നേരത്തെയും രംഗത്തെത്തിയിരുന്നു. ജഡ്ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ധൻകറിന്റെ വിമർശനം.
നമ്മൾ എവിടേക്കാണ് പോകുന്നത് ?. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. ഈ ദിവസം വരെ ജനാധിപത്യത്തിനു വേണ്ടി ഈ രീതിയിൽ വിലപേശേണ്ടി വന്നിട്ടില്ലെന്നും ജഗ്ദീപ് ധൻകർ വ്യക്തമാക്കിയിരുന്നു. ധൻകറിന്റെ കോടതി വിമർശനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ധൻകറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.