വോട്ട് വിലക്ക്: പാർലമെന്റ് സ്തംഭനം തുടരുന്നു
text_fieldsന്യൂഡൽഹി: ബിഹാർ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിൽ ചർച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് സ്തംഭനം തുടരുന്നു. അന്തരിച്ച മുൻ ഗവർണർ സത്യപാൽ മാലികിന് ആദരാഞ്ജലി അർപ്പിച്ച് വെള്ളിയാഴ്ച രാവിലെ 11ന് ലോക്സഭയിൽ സ്പീക്കർ ഓംബിർള ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഏതാനും നേരം സഭ തുടർന്നതിനു ശേഷം ഉച്ചവരെ പിരിഞ്ഞു.
മുന്നിനു സഭ ആരംഭിച്ചയുടൻ 2025ലെ ആദായ നികുതി ബിൽ പിൻവലിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ അനുമതി തേടുകയും ബഹളത്തിനിടെ ഇതിന് അംഗീകാരം നൽകുകയും ഉടനെ പിരിയുകയും ചെയ്തു. സഭ നിർത്തിവെച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 20 നോട്ടീസുകളാണ് ലഭിച്ചതെന്നും ഇതു സഭാനടപടികൾ തടസ്സപ്പെടുത്താൻവേണ്ടിയാണെന്നും രാജ്യസഭ ഉപാധ്യക്ഷൻ നടത്തിയ പ്രസ്താവന രാജ്യസഭയിൽ പ്രതിഷേധം കടുപ്പിച്ചു. എം.പിമാർ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ ഉച്ചവരെ പിരിഞ്ഞ സഭ ഉച്ചക്ക് ശേഷവും ആരംഭിച്ചയുടൻ പിരിയുകയാണുണ്ടായത്.
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശമില്ല -അമിത് ഷാ
പട്ന: ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചും നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശമില്ലെന്ന് പ്രഖ്യാപിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ തീവ്ര പരിശോധനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നും സീതാമർഹി ജില്ലയിലെ പുനൗരാധാമിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കണം. അവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ല. നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുന്നതിനാൽ ആർ.ജെ.ഡിയും കോൺഗ്രസും തീവ്ര പരിശോധനയെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാദേവപുരയിലെ വോട്ട് ക്രമക്കേട്: പരാതി നൽകി കോൺഗ്രസ്
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്. ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലെയും വോട്ടർ ഡേറ്റ ഡിജിറ്റൽ രൂപത്തിൽ കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് വെള്ളിയാഴ്ച വൈകീട്ട് നിവേദനം കൈമാറി.
ആകെയുള്ള 6,59,826 വോട്ടർമാരിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാരുടെ പേരിൽ കൃത്രിമം നടന്നതായി കണ്ടെത്തിയെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഒരൊറ്റ നിയമസഭ മണ്ഡലത്തിൽ മാത്രം 15 ശതമാനം വോട്ടുകൾ ഇത്തരത്തിൽ ക്രമക്കേടിനിരയായെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, ക്രമക്കേട് സംബന്ധിച്ച് സത്യവാങ്മൂലവും രേഖകളും സമർപ്പിക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡി.കെ ശിവകുമാറിനോട് ആവശ്യപ്പെട്ടു.
ആരോപണം ഗൗരവതരം; രാഹുലിനെ പിന്തുണച്ച് തരൂർ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ട് മോഷണം നടന്നുവെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം ഗൗരവതരമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. രാജ്യത്തെ വോട്ടര്‍മാരുടെ താൽപര്യമനുസരിച്ച് വിഷയം ഗൗരവമായി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകര്‍ക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും തരൂര്‍ പോസ്റ്റിൽ കുറിച്ചു.
കേരളത്തിലെ രണ്ടേമുക്കാൽ ലക്ഷം ഇരട്ടവോട്ടുകൾ അന്വേഷിക്കണം -ബി.ജെ.പി
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കേരളത്തിലെ വോട്ടർപട്ടികയിൽ രണ്ടേമുക്കാൽ ലക്ഷത്തിലധികം ഇരട്ടവോട്ടുകൾ ഉണ്ടാക്കിയെന്ന കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ ആരോപണം അന്വേഷിക്കണമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ ഭൂപേന്ദ്ര യാദവ് ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എവിടെയെല്ലാം വ്യാജ വോട്ടുകളുണ്ടോ അവിടെയെല്ലാം അന്വേഷണം നടത്തണമെന്നും ബി.ജെ.പി ഈ ആവശ്യമുന്നയിക്കുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥമാണെന്നും കേന്ദ്ര മന്ത്രി ഓർമിപ്പിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുപക്ഷ യൂനിയനിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടാക്കിയെന്നായിരുന്നു സംസ്ഥാന ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നത്. അഞ്ച് ലക്ഷത്തിലധികം ക്രമക്കേടുകളുണ്ടെന്നും ആരോപിച്ച ബി.ജെ.പി, തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

