രാമക്ഷേത്ര കൊള്ളയിൽ ഇ.ഡിയും സി.ബി.ഐയും ആദായ നികുതിയും എവിടെ? ; പാർലമെന്റ് സ്തംഭനം തുടരുന്നു
text_fieldsമല്ലികാർജുൻ ഖാർഗെ, കിരൺ റിജിജു
ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ പതിനൊന്നാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചു. രാമക്ഷേത്ര കൊള്ളയിൽ ചർച്ചയും പൊലീസ് അതിക്രമത്തിൽ അമിത് ഷായുടെ മറുപടിയും ആവശ്യപ്പെട്ടുള്ള ലോക്സഭയിലെ പ്രതിപക്ഷ ബഹളത്തിനിടെ ധനവിനിയോഗ ബില്ലും, രാജ്യസഭയിൽ ജനന, മരണ രജിസ്ട്രേഷൻ ബില്ലും പേരിന് ചർച്ച ചെയ്തെന്ന് വരുത്തി പാസാക്കി.
പ്രതിപക്ഷ മുദ്രാവാക്യം വിളികൾക്കിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടിയ ഭേദഗതി ബില്ലും, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന ഭേദഗതി ബില്ലും പാസാക്കി. പലതവണ നിർത്തിവെച്ച ശേഷമാണ് ഇരുസഭകളും പിരിഞ്ഞത്. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പരസ്പരം കൊമ്പുകോർത്തു.
ഖാർഗെ രാമക്ഷേത്ര കൊള്ളയുടെ പ്രശ്നം ഉന്നയിച്ചതോടെയാണ് ബഹളം തുടങ്ങിയത്. അതുൾപ്പെടെയുള്ള ഗൗരവമേറിയ പ്രശ്നങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡി, സി.ബി.ഐ, ആദായ നികുതി തുടങ്ങിയ അന്വേഷണ ഏജൻസികൾ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ശ്രീരാമന്റെ പേരുപറഞ്ഞ് കൊള്ള നടത്തിയവർ രാജ്യത്തോട് മാപ്പു പറയണം. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം.
പിന്നീട് എക്സിലെ പോസ്റ്റിലും ഖാർഗെ ഈ വിഷയം ഉന്നയിച്ചു. കോടിക്കണക്കിന് ഭക്തജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്നതാണ് ഗുരുതരമായ ആരോപണങ്ങൾ. ഭൂമി വാങ്ങലും സംഭാവനയും ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണെന്നും കേന്ദ്ര സർക്കാറാണ് ട്രസ്റ്റ് രൂപവത്കരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ട്രസ്റ്റിന് 70 ഏക്കറിലധികം ഭൂമി സർക്കാർ വിട്ടുകൊടുത്തു. ഭൂമിപൂജ മുതൽ പ്രാണപ്രതിഷ്ഠ വരെ എല്ലാ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുത്ത കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.എന്നാൽ, ചർച്ചകളിൽ പങ്കെടുക്കാതെ ബഹളം തുടരുകയും സഭയുടെ വിലപ്പെട്ട സമയം ദുരുപയോഗിക്കുകയും ചെയ്യുന്ന പ്രതിപക്ഷ അംഗങ്ങൾ മാപ്പുപറയണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
ക്ഷേത്ര കൊള്ള സംബന്ധിച്ച് പാർലമെന്റ് സമുച്ചയത്തിൽ നാടകം അവതരിപ്പിച്ച സ്വതന്ത്ര എം.പി പപ്പു യാദവിനെതിരെ പരാതി ഫയൽ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സൂര്യ മൈഥിൽ എന്നയാളാണ് പരാതി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

