പാർലമെന്റ് മന്ദിരോദ്ഘാടനം: ബഹിഷ്കരണത്തെ എതിർത്ത് മായാവതി, നായിഡു, ദേവഗൗഡ
text_fieldsന്യൂഡൽഹി: പാർലമെന്റ് മന്ദിരോദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കില്ലെന്ന് ബി.എസ്.പിയും ടി.ഡി.പിയും ജെ.ഡി.എസും. ബി.എസ്.പി നേതാവ് മായാവതിയും ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡുവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും പ്രതിനിധികളെ അയക്കും. പ്രതിപക്ഷ ബഹിഷ്കരണം ശരിയല്ലെന്നാണ് ഇരു പാർട്ടിയുടെയും നിലപാട്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാർലമെന്റ് നിർമിച്ചതെന്നും ബഹിഷ്കരിക്കാൻ അത് ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫിസ് അല്ല, രാജ്യത്തിന്റെ സ്വത്താണെന്നും ദേവഗൗഡ പ്രതികരിച്ചു. ബി.ജെ.പിയുമായി രാഷ്ട്രീയപരമായി നിരവധി വിയോജിപ്പുകൾ ഉണ്ടെങ്കിലും പാർലമെന്റിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെ അനാദരിക്കുംവിധം പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് 20 പാർട്ടികളാണ് കഴിഞ്ഞ ദിവസം ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ബി.എസ്.പി, ടി.ഡി.പി, ജെ.ഡി.എസ് എന്നിവ നയം വ്യക്തമാക്കിയത്. എൻ.ഡി.എ സഖ്യത്തിൽനിന്ന് നേരത്തെ ബി.ജെ.പി പുറന്തള്ളിയ ശേഷം ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡു പ്രതിപക്ഷത്തേക്ക് ചാഞ്ഞിരുന്നു. എന്നാൽ, കുറേക്കാലമായി അദ്ദേഹം വീണ്ടും ബി.ജെ.പിയുമായി മമതയിലാണ്. ടി.ഡി.പിക്ക് ലോക്സഭയിൽ മൂന്ന് അംഗങ്ങളും രാജ്യസഭയിൽ ഒരാളുമുണ്ട്.
അധികാരത്തിലിരിക്കുന്നത് കോൺഗ്രസാണോ ബി.ജെ.പിയാണോ എന്നു നോക്കാതെ ജനതാൽപര്യം മുൻനിർത്തിയാണ് വിവിധ വിഷയങ്ങളിൽ അതാതു സർക്കാറുകളെ ബി.എസ്.പി പിന്തുണച്ചിട്ടുള്ളതെന്നാണ് മായാവതിയുടെ വിശദീകരണം. രാഷ്ട്രപതി ദ്രൗപദി മുർമുതന്നെ ഉദ്ഘാടനം ചെയ്യണമെന്ന് പ്രതിപക്ഷം നിർബന്ധം പിടിക്കുന്നത് ശരിയല്ല. സർക്കാറാണ് നിർമിച്ചത്. ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. ആദിവാസി വനിതയോട് കാട്ടേണ്ട ആദരമെന്ന നിലയിൽ ഇതിനെ ബന്ധിപ്പിക്കുന്നത് ഉചിതമല്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെതിരെ സ്ഥാനാർഥിയെ നിർത്താതെ, എതിരില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ അന്ന് പ്രതിപക്ഷം ചിന്തിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
ബഹിഷ്കരണ തീരുമാനം പുനഃപരിശോധിക്കാൻ ഭരണസഖ്യത്തിലെ 14 പാർട്ടികൾ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. നാഷനൽ പീപ്ൾസ് പാർട്ടി, എൻ.ഡി.പി.പി, സിക്കിം ക്രാന്തികാരി മോർച്ച, ജനനായക് ജനത പാർട്ടി, ആർ.എൽ.ജെ.പി, അപ്ന ദൾ, റിപ്പബ്ലിക്കൻ പാർട്ടി, തമിഴ് മാനില കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ, ഐ.എം.കെ.എം.കെ, ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ, മിസോ നാഷനൽ ഫ്രണ്ട് തുടങ്ങിയ പാർട്ടികളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. മുന്നണിയിൽ ഇല്ലെങ്കിലും ബി.ജെ.പിയുമായി ചങ്ങാത്തമുള്ള വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നിവയും ബഹിഷ്കരണത്തിനില്ല.