ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് ബിൽ അജണ്ടയിൽ
text_fieldsജെ.പി.സി റിപ്പോർട്ട് ചെയർമാൻ ജഗദാംബികാ പാലും ബി.ജെ.പി എം.പിമാരും ചേർന്ന് സ്പീക്കർ ഓം ബിർളക്ക് സമർപ്പിക്കുന്നു
ന്യൂഡൽഹി: തിരക്കിട്ട് ജെ.പി.സി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഭരണപക്ഷം നിർദേശിച്ച ഭേദഗതികളോടെ വിവാദ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ അജണ്ടയാക്കി. ബജറ്റ് സമ്മേളനത്തിലെ നിയമനിർമാണത്തിനുള്ള വ്യാഴാഴ്ച പുറത്തുവിട്ട ബില്ലുകളുടെ പട്ടികയിലാണ് വഖഫ് ദേഭഗതി ബില്ലും ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് രാഷ്ട്രപതി ലോക്സഭയിൽ ഇരുസഭകളിലെയും എം.പിമാരെ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തികാവലോകന റിപ്പോർട്ടും സഭയുടെ മേശപ്പുറത്ത് വെക്കും. ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
വിവാദ ശിപാർശകൾ അടങ്ങുന്ന വഖഫ് ബിൽ പാസാക്കാനും പഴയ വഖഫ് നിയമങ്ങളിലൊന്നായ ‘മുസൽമാൻ വഖഫ് ബിൽ’ പിൻവലിക്കാനും അജണ്ടയിലുൾപ്പെടുത്തി. ഇവ കൂടാതെ ധനകാര്യ ബില്ലുകൾ, ബാങ്കിങ് നിയമ ബിൽ, റെയിൽവേ ഭേദഗതി ബിൽ, എണ്ണപ്പാടി വികസന-നിയന്ത്രണ ഭേദഗതി ബിൽ തുടങ്ങിയവയും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയിലുണ്ട്.
രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റും ആദ്യപാദ അജണ്ട
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ രാഷ്ട്രപതിയുടെ സംബോധനക്കും ബജറ്റിനും മാത്രമുള്ളതാണ്. അതിനാൽ പാർലമെന്റിന്റെ ഇതുവരെയുള്ള കീഴ്വഴക്കം അനുസരിച്ച് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി വിവാദ വഖഫ് ബിൽ ചർച്ച ചെയ്ത് പാസാക്കാനാവില്ലെന്നാണ് കരുതുന്നത്. രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റും ചർച്ചകളും കഴിഞ്ഞ് പിരിയുന്ന പാർലമെന്റ്, മാർച്ചിലാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുക. രണ്ടാം പാദത്തിലാണ് മറ്റു നിയമനിർമാണങ്ങളും ചർച്ചകളും നടക്കുക.
ജെ.പി.സി റിപ്പോർട്ട് സ്പീക്കർക്ക് സമർപ്പിച്ചു
ജെ.പി.സി ശിപാർശക്ക് അനുസൃതമായി ഭേദഗതി വരുത്തിയ കരട് വഖഫ് ബിൽ അനുബന്ധമായി ചേർത്ത റിപ്പോർട്ട് വ്യാഴാഴ്ച ബി.ജെ.പി എം.പിമാർക്കൊപ്പം ജെ.പി.സി ചെയർമാൻ ജഗദാംബികാ പാൽ സ്പീക്കർ ഓം ബിർളക്ക് കൈമാറി. പ്രതിപക്ഷ എം.പിമാർ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തില്ല. പ്രതിപക്ഷവും മുസ്ലിം സംഘടനകളും സംസ്ഥാന വഖഫ് ബോർഡുകളും നിർദേശിച്ച ഭേദഗതികളെല്ലാം തള്ളി എൻ.ഡി.എ എം.പിമാർ മുന്നോട്ടുവെച്ച 14 ഭേദഗതികൾ മാത്രം സ്വീകരിച്ച് തയാറാക്കിയ റിപ്പോർട്ട് ബുധനാഴ്ചയാണ് പാസാക്കിയത്. 11 പ്രതിപക്ഷ എം.പിമാർ എതിർത്തും ജനതാദൾ-യു, തെലുഗുദേശം അടക്കമുള്ള 16 ഭരണപക്ഷ എം.പിമാർ അനുകൂലിച്ചും വോട്ടുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

