പാർലമെന്റ് ബഹിഷ്‍കരണം: ആസ്ട്രേലിയയിൽ ഇങ്ങനെയൊന്നുമല്ല -മോദി
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കെ, ആസ്ട്രേലിയയിൽ ഇങ്ങനെയൊന്നുമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ മോദിക്ക് ബി.ജെ.പി ഒരുക്കിയ സ്വീകരണത്തിന് മറുപടി പറയുമ്പോഴാണ് ആസ്ട്രേലിയൻ സർക്കാറിന് ലഭിക്കുന്ന പ്രതിപക്ഷ സഹകരണത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.
സിഡ്നിയിൽ താൻ പങ്കെടുത്ത ഇന്ത്യൻ സമൂഹത്തിന്‍റെ പരിപാടിയിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മാത്രമല്ല, മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും എത്തിയിരുന്നുവെന്ന് മോദി പറഞ്ഞു. ‘‘അതാണ് അവിടത്തെ ജനാധിപത്യ സാഹചര്യം. ജനാധിപത്യത്തിന്‍റെ ശക്തിയും ആത്മാവുമാണ് അത് കാണിച്ചു തരുന്നത്. ഇന്ത്യയുടെ പ്രതിനിധിയോട് എല്ലാവരും ആദരം കാണിക്കുന്നു. അത് മോദിയുടെ മഹത്വമല്ല. ഇന്ത്യയുടെ ശക്തിയാണ്. 140 കോടി ജനങ്ങളുടെ ശബ്ദമാണ് ഞാൻ പറയുന്നതെന്ന് ലോക നേതാക്കൾക്ക് അറിയാം. ഇന്ത്യ എന്തു ചിന്തിക്കുന്നുവെന്ന് അറിയാൻ ഇന്ന് ലോകം ആഗ്രഹിക്കുന്നു’’ -മോദി പറഞ്ഞു.