Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് കുത്തനെ വർധിപ്പിക്കാൻ നീക്കം; പ്രതിഷേധവുമായി രക്ഷിതാക്കൾ

text_fields
bookmark_border
സ്വകാര്യ സ്കൂളുകളിൽ ഭൂരിഭാഗവും 35,000 മുതൽ 50,000 രൂപ വരെ വാർഷിക ഫീസ് ഈടാക്കുന്നവയാണ്. ഏകദേശം 400-500 സ്കൂളുകൾ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലും വാങ്ങുന്നുണ്ട്
കർണാടകയിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് കുത്തനെ വർധിപ്പിക്കാൻ നീക്കം; പ്രതിഷേധവുമായി രക്ഷിതാക്കൾ
cancel

ബെംഗളൂരു: 2025-26 അധ്യയന വർഷത്തിൽ ഫീസ് കുത്തനെ വർധിപ്പിക്കാനൊരുങ്ങി കർണാടകയിലെ സ്വകാര്യ സ്കൂളുകൾ. പശ്ചിമേഷ്യയിലെ സംഘർഷം മൂലമുണ്ടായ പണപ്പെരുപ്പവും ആഗോള സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് സ്കൂൾ മാനേജ്മെന്റുകളുടെ ഈ നീക്കം. നിലവിലുള്ള ഫീസിനേക്കാൾ 12 മുതൽ 15 ശതമാനം വരെ വർധനവ് വരുത്താനാണ് തീരുമാനം.

പ്രതിവർഷം മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മാത്രം ഫീസ് വർധിപ്പിച്ചിരുന്ന സ്കൂളുകളാണ് ഇത്തവണ 15 ശതമാനം വരെ വർധനവിന് അനുമതി തേടുന്നത്. വൈദ്യുതി നിരക്കിലുണ്ടായ വർധന, പ്രഫഷനൽ ടാക്സ്, പ്രൊവിഡന്റ് ഫണ്ട് വിഹിതം എന്നിവയിലുണ്ടായ മാറ്റങ്ങളും സ്കൂൾ അധികൃതർ കാരണങ്ങളായി പറയുന്നു.

ഈ നീക്കത്തിനെതിരെ രക്ഷിതാക്കളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിന് ശേഷം വിവിധ സ്കൂളുകൾ 20 മുതൽ 25 ശതമാനം വരെ ഫീസ് വർധിപ്പിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ ഉടമകൾ നടത്തുന്ന സ്ഥിരം നാടകമാണിതെന്ന് കർണാടക പ്രൈവറ്റ് സ്കൂൾസ് പേരെന്റ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ബി.എൻ. യോഗാനന്ദ കുറ്റപ്പെടുത്തി.

"മറ്റ് ഇരുപതോളം സംസ്ഥാനങ്ങളിൽ ഫീസ് നിയന്ത്രണ സമിതികളുണ്ട്. എന്നാൽ, കർണാടകയിൽ അത്തരമൊരു സംവിധാനമില്ലാത്തത് സ്കൂൾ ഉടമകൾ രക്ഷിതാക്കളെ കൊള്ളയടിക്കാനുള്ള അവസരമായി കാണുന്നു. സർക്കാർ നയങ്ങളുടെ പരാജയമാണ് ഇത്തരം സ്കൂളുകൾ വളരാൻ കാരണം’ -യോഗാനന്ദ കൂട്ടിച്ചേർത്തു.

അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ 20 ശതമാനം വർധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അധിക ബാധ്യത രക്ഷിതാക്കളിലേക്ക് മാത്രം കൈമാറാൻ കഴിയില്ല. എങ്കിലും, സ്കൂൾ നടത്തിപ്പിന് ഫീസ് വർധന അനിവാര്യമാണെന്നും കഴിഞ്ഞ വർഷം തന്നെ വിലക്കയറ്റം മൂലം പത്ത് ശതമാനം ഫീസ് വർധിപ്പിക്കേണ്ടി വന്നിരുന്നുവെന്നും കർണാടക റെക്കഗ്നൈസ്ഡ് അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് ലോകേഷ് താലിക്കാട്ടെ പറഞ്ഞത്.

ഇത്തരം സാഹചര്യങ്ങൾ കർണാടകയിലെ ചെറുകിട സ്കൂളുകൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അംഗീകാരമില്ലാത്ത നഴ്‌സറികളും സ്കൂളുകളും സംസ്ഥാനത്ത് വ്യാപകമാകുന്നത് നിയമപരമായി പ്രവർത്തിക്കുന്ന സ്കൂളുകളുടെ അഡ്മിഷനെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, ശുചീകരണം എന്നിവയുടെ ബില്ലുകൾ ഗണ്യമായി വർധിച്ചു. ഇതിനുപുറമെ വിവിധ നികുതികളും ജി.എസ്.ടി അടക്കമുള്ളവയും നൽകണം. ബെംഗളൂരുവിൽ വൻകിടക്കാർക്ക് മാത്രമേ സ്കൂൾ നടത്താൻ കഴിയൂ എന്ന അവസ്ഥയാണ്. ഈ അധിക ബാധ്യതകൾ ചെറുകിട നിക്ഷേപകർക്ക് താങ്ങാനാവുന്നല്ലെന്നതാണ് വസ്തുത.

നിലവിൽ കർണാടകയിൽ ആകെ 17,000 സ്വകാര്യ സ്കൂളുകൾ നിലവിലുണ്ട്. ഇതിൽ 4,000 എണ്ണവും ബെംഗളൂരുവിലാണ്. ഭൂരിഭാഗം സ്കൂളുകളും 35,000 മുതൽ 50,000 രൂപ വരെയാണ് വാർഷിക ഫീസ് ഈടാക്കുന്നത്. 400-500 ഓളം സ്കൂളുകൾ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലും ഫീസ് ഈടാക്കുന്നു. അനാവശ്യമായ ഫീസ് വർധന തടയാൻ സർക്കാർ ഉടൻ ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വരുംദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്നാണ് രക്ഷിതാക്കളുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parents protest move to sharply increase fees in private schools in Karnataka
Next Story