സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ കുഞ്ഞിനെ തിരികെ കിട്ടാൻ ധാരയുടെ സമരം
text_fieldsന്യൂഡൽഹി: ഏഴു മാസം പ്രായമായപ്പോൾ ഏറ്റ പരിക്കിന്റെ പേരിൽ ജർമനിയിൽ കുടുങ്ങിയ കുഞ്ഞിനായി ധാരാ ഷാ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സമരവുമായി ജന്തർ മന്തറിൽ. രണ്ടുവർഷമായി എല്ലാ വാതിലുകളിലും മുട്ടിയിട്ടും നിരാശയായ ധാര കുഞ്ഞുമോളെ വിട്ടുകിട്ടാൻ ഈ മാസം രണ്ടിന് പാർലമെന്റിൽ എത്തിയിരുന്നു. ഏഴുമാസം പ്രായപ്പോൾ തങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത് ജർമൻ ചൈൽഡ് സർവിസസിന്റെ സംരക്ഷണത്തിലേൽപിച്ച രണ്ടര വയസ്സുകാരി അരീഹ ഷായെ തിരികെ കിട്ടാനാണ് അമ്മ ധാരാ ഷാ ജന്തർ മന്തറിൽ എത്തിയത്.
ഗുജറാത്തിൽനിന്ന് ജർമനിയിലേക്ക് പോയ ഭഷേവ് ഷാ - ധാരാ ഷാ ദമ്പതികൾ 2021 സെപ്റ്റംബർ 17ന് വീട്ടിൽ ഒറ്റക്ക് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുഞ്ഞിനേറ്റ പരിക്ക് കാണിക്കാൻ ആശുപത്രിയിൽ കൊണ്ടുപോയതാണ് കേസിന്റെ തുടക്കം. കുഞ്ഞ് മാതാപിതാക്കളുടെ പക്കലായിരിക്കേയുണ്ടായ പരിക്കിന് ഉത്തരവാദിത്തം അവർക്ക് തന്നെയാണെന്നും അമ്മയുടെ പരിചരണത്തിലെ വീഴ്ചയാണിതിന് കാരണമെന്നും രണ്ട് തവണ പരിക്കേറ്റ ആ കുഞ്ഞിനെ സംരക്ഷിക്കാൻ ഇനി മാതാപിതാക്കൾക്ക് അവകാശമില്ലെന്നും വിലയിരുത്തിയാണ് ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തി ജർമൻ അധികൃതർ ഏറ്റെടുത്ത് കെയർ സെന്ററിലേക്ക് മാറ്റിയത്. ഈ വർഷം ജൂൺ 13ന് ‘പാരന്റ് ആൻഡ് ചൈൽഡ് സെന്ററി’ലേക്ക് അരീഹയെ മാറ്റാനും മാതാപിതാക്കളുടെ നിത്യസന്ദർശനം വിലക്കാനും ജർമൻ കോടതി ഉത്തരവിടുകയും ചെയ്തു.

