വൃദ്ധരായ മാതാപിതാക്കൾ ബങ്കറിലെ ഇരുട്ടിൽ; അതിർത്തി ഗ്രാമങ്ങളിലെ ഭയത്തിന്റെ നേർക്കാഴ്ചകൾ വിവരിച്ച് കൊൽക്കത്തയിലെ കശ്മീരി വിദ്യാർഥി
text_fieldsന്യൂഡൽഹി: പാകിസ്താന്റെ ഡ്രോൺ ആക്രമണങ്ങളുടെയും ഷെല്ലാക്രമണത്തിന്റെയും ആഘാതത്തിനിടയിൽ വടക്കൻ കശ്മീരിലെ അതിർത്തി ഗ്രാമത്തിലെ പ്രായമായ മാതാപിതാക്കളെ സന്ദർശിച്ച് അവർക്ക് മനോ ധൈര്യം പകരാൻ പോയതായിരുന്നു കൊൽക്കത്തയിൽ പി.എച്ച്.ഡി വിദ്യാർഥിയായ ഖാൻ സാഹിദ്. കഴിഞ്ഞ അഞ്ചു ദിവസമായി ശ്രീനഗറിൽ കുടുങ്ങിക്കിടക്കുകയാണ് സാഹിദ്. ഇന്ത്യ-പാക് സംഘർഷം കാരണം അവിടെനിന്നുള്ള യാത്രകൾ നിർത്തിവച്ചിരിക്കുകയാണ്.
പാകിസ്താൻ ഷെല്ലാക്രമണത്തിൽ നിന്ന് സ്വയം രക്ഷിക്കുന്നതിനായി ഖാൻ സാഹിദിന്റെ പ്രായമായ മാതാപിതാക്കൾ എല്ലാ രാത്രിയും കുപ്വാര ജില്ലയിലെ തങ്ധറിലെ അവരുടെ വീടിന്റെ പിൻവശത്ത് നിർമിച്ച ബങ്കറിൽ അഭയം പ്രാപിക്കുകയാണെന് സാഹിദിനെ ഉദ്ധരിച്ച് ‘ദി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.
‘തിരക്കിട്ട് ദൈനംദിന ജോലികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ അവർ ബങ്കറിൽ പ്രവേശിക്കുന്നു. 50തോളം ആളുകളുണ്ട് അതിൽ. ബങ്കറുകൾ ഇല്ലാത്ത ഗ്രാമത്തിലെ മറ്റു പലരും എന്റെ മാതാപിതാക്കൾക്കൊപ്പം അഭയം തേടുന്നു. ടോർച്ചിന്റെ വെളിച്ചം മാത്രമാണ് അവർക്ക് കൂട്ട്. മുകളിലെ ഇരമ്പങ്ങൾ കേട്ടുകൊണ്ട് പ്രായമായവരും കുട്ടികളും ഭീതിയോടെ ബങ്കറിലെ ഇരുട്ടിൽ കഴിയുന്നു. തുളച്ചുകയറുന്ന ശബ്ദം പ്രായമായ പലർക്കും താങ്ങാനാവുന്നില്ല. പക്ഷേ, അവർക്ക് തല്ലാതെ മറ്റ് മാർഗമില്ല. ഞങ്ങളുടെ ഗ്രാമം അതിർത്തിയോട് അടുത്തായതിനാൽ അവിടെ സ്ഥിതിഗതികളിൽ വളരെ മോശമാണ്’.
2019ലാണ് സാഹിദിന്റെ പിതാവ് മൂന്ന് മീറ്റർ ഉയരമുള്ള ബങ്കർ നിർമിച്ചത്. നേരത്തെയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ‘വെള്ളിയാഴ്ചത്തെ കനത്ത മഴ ബങ്കറിൽ വെള്ളം കയറി. എന്റെ മാതാവിന് വെള്ളം പുറത്തേക്ക് കളയാൻ കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോഴും അവിടം നനഞ്ഞിരിക്കുകയാണ് -യുവാവ് പറയുന്നു.
ഗ്രാമത്തിൽ നിന്ന് തിരിച്ച് കൊൽക്കത്തിലേക്ക് പുറപ്പെട്ട സാഹിദ് മെയ് 6ന് ശ്രീനഗറിൽ എത്തി. അന്നുമുതൽ അവിടെ കുടുങ്ങിക്കിടക്കുകയാണ്. തിരിച്ചു പോവാനും വഴിയില്ല. ശ്രീനഗറിൽനിന്ന് 200 കിലോമീറ്റർ അകലെ മലമുകളിലുള്ള തന്റെ ഗ്രാമത്തിലെത്താൻ ഒരു ദിവസമെങ്കിലുമെടുക്കും. അരികുവൽക്കരിക്കപ്പെട്ട പഹാരി വിഭാഗക്കാരാണ് പ്രദേശവാസികൾ. ഇത്തരം ദുഷ്‌കരമായ സമയങ്ങളിൽ അവരുടെ അവസ്ഥ കൂടുതൽ വഷളാവും. ശനിയാഴ്ച വൈകുന്നേരം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും തന്റെ മാതാപിതാക്കളും മറ്റ് ഗ്രാമവാസികളും ആ രാത്രി ബങ്കറിൽ തന്നെ ചെലവഴിച്ചുവെന്ന് സാഹിദ് പറഞ്ഞു.
സൈനിക നടപടി നിർത്തലാക്കാൻ ധാരണയായിട്ടും ശനിയാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലും രാജസ്ഥാന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളിലും പാക് ഡ്രോണുകൾ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വന്നു. ഷെൽ,ഡ്രോൺ ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങൾ എപ്പോൾ വീണ്ടും അസ്ഥിരമാകുമെന്ന് ആർക്കും അറിയില്ലെന്ന് സാഹിദ് പറയുന്നു.
കഴിഞ്ഞ എട്ടു മാസമായി കൊൽക്കത്തയിലെ ഒരു എയ്ഡഡ് യൂനിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് ചെയ്യുന്ന ഈ വിദ്യാർഥി, തന്റെ സഹോദരന്മാർ ഇല്ലാത്തതിനാൽ ഈ അപകടസമയത്ത് മാതാപിതാക്കൾക്കൊപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു.
സഹോദരന്മാരിൽ ഒരാൾ ദുബൈയിൽ ജോലി ചെയ്യുന്നു. ടെറിട്ടോറിയൽ ആർമിയിലുള്ള മറ്റൊരാൾക്ക് മധ്യപ്രദേശിലാണ് നിയമനം. ശ്രീനഗർ പോലുള്ള താരതമ്യേന സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് വരാൻ അവർക്ക് താൽപര്യമില്ല. തങ്ങളുടെ പ്രദേശത്തെ പല കുടുംബങ്ങളും ഗ്രാമം ഉപേക്ഷിച്ച് പോയിട്ടുണ്ടെന്ന് സാഹിദ് പറഞ്ഞു. ആരും പരിപാലിക്കാനില്ലാതെ തങ്ങളുടെ കന്നുകാലികളെ അവിടെ ഉപേക്ഷിക്കാൻ മാതാപിതാക്കൾക്ക് മനസ്സുവരുന്നില്ല. കൂടാതെ, ഈ പ്രായത്തിൽ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്ര അവർക്ക് എളുപ്പവുമല്ല.
കശ്മീർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സാഹിദ് ഇപ്പോൾ ശ്രീനഗറിലെ വാടക വീട്ടിലാണ് താമസം. ‘മാതാപിതാക്കൾ വളരെ ഭയന്നിരിക്കുകയാണ്. അതിനാൽ അങ്ങോട്ട് മടങ്ങി വരരുതെന്ന് അവരെന്നെ പ്രേരിപ്പിക്കുന്നു. അവർ നേരിടുന്ന അപകടത്തിന്റെ വ്യാപ്തി കാണിക്കാൻ വാട്ട്‌സ്ആപിലൂടെ ചിത്രങ്ങൾ പങ്കിടുന്നുവെന്നും സാഹിദ് പറഞ്ഞു. താരതമ്യേന സുരക്ഷിതമായ സ്ഥലത്തേക്ക് തിരിച്ചു പോകാൻ അവർ എന്നെ പ്രേരിപ്പിക്കുകയാണ്. വാഹന ഗതാഗതം ഉടൻ പുനഃസ്ഥാപിക്കപ്പെടുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും സാഹിദ് പറയുന്നു.
ശ്രീനഗർ വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാൽ മാതാപിതാക്കൾ ആഗ്രഹിക്കുന്നതുപോലെ കൊൽക്കത്തയിലേക്ക് മടങ്ങുക എളുപ്പമല്ല. ഈ അപകടത്തിൽ അവരെ ഒറ്റക്കാക്കി കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയുന്നുമില്ല. പ്രായമായവരാണ്. പിന്തുണ നൽകേണ്ടതുണ്ട്. പക്ഷേ, അവരെ ബന്ധപ്പെടാൻ കഴിയാത്തത് എന്നെ കീറിമുറിക്കുന്നു. ആത്മവിശ്വാസം പകരാനായി ഞാൻ ഇടക്കിടെ അവരെ വിളിക്കുന്നുണ്ട്. അവരെ നേരിട്ട് കാണണമെന്നുണ്ട്. ഇത്രയും ദൂരം വന്നതിനാൽ, അതിനെനിക്കാവുന്നുമില്ല.’- വേദനയോടെ സാഹിദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

