എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരക്കാൻ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ; ഒക്ടോബർ 23ന് ജനകീയ മാർച്ച്
text_fieldsനിർമല സീതാരാമൻ, പരകാല പ്രഭാകർ
ന്യൂഡൽഹി: വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെയും (എസ്.ഐ.ആർ) കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷവും ജനകീയ കൂട്ടായ്മകളും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കുചേരാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ പരകല പ്രഭാകർ. ഒക്ടോബർ 23-ന് ഡൽഹിയിൽ നടക്കുന്ന വൻ ജനകീയ മാർച്ചിലാണ് അദ്ദേഹം അണിനിരക്കുന്നത്.
വിദ്യാർഥികൾ, യുവാക്കൾ, കർഷകർ, തൊഴിലാളികൾ, ദലിത്-ആദിവാസി സംഘടനകൾ, ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ എന്നിവരുൾപ്പെടുന്ന വിവിധ ജനകീയ സംഘടനകൾ ഒക്ടോബർ 14-ന് രൂപം നൽകിയ 'പീപ്പിൾ എഗൈൻസ്റ്റ് എസ്.ഐ.ആർ' എന്ന സംയുക്ത വേദിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
'ഓരോ കൈകളിലും ത്രിവർണ പതാക, ഓരോ തെരുവിലും ജന്തർ മന്തർ'
'ജനാധിപത്യം പുനഃസ്ഥാപിക്കുക, രാജ്യത്തുടനീളം ജന്തർ മന്തറുകൾ തീർക്കുക' എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ 23-ന് ജനകീയ മാർച്ച് സംഘടിപ്പിക്കുന്നത്. “ഹർ ഹാത്ത് മേം തിരംഗ, ഹർ ഗലീ മേം ജന്തർ മന്തർ” (ഓരോ കൈകളിലും ത്രിവർണ പതാക, ഓരോ തെരുവിലും ഒരു ജന്തർ മന്തർ) എന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യം.
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവർക്കൊപ്പം പരകല പ്രഭാകർ വേദി പങ്കിടും. പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്ത്, എഴുത്തുകാരൻ തുഷാർ ഗാന്ധി, മുൻ ജെ.എൻ.യു.എസ്.യു പ്രസിഡന്റ് ഐഷി ഘോഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കുചേരും. പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' മുന്നണിയിലെ പാർട്ടികളോടും സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രധാന ആവശ്യങ്ങൾ
- മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുക.
- സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികൾ പൂർണമായി റദ്ദാക്കുക.
- വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഉടനടി പുനഃസ്ഥാപിക്കുക.
'ഇത് പൗരത്വത്തിന് മേലുള്ള രക്തരഹിത വംശഹത്യ': പരകല പ്രഭാകർ
"ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് പൗരത്വത്തിന് മേലുള്ള രക്തരഹിത രാഷ്ട്രീയ വംശഹത്യയാണ്. മുൻപ് ജർമനിയിലും റുവാണ്ടയിലുമെല്ലാം വംശം, മതം, ഭാഷ, വർണം എന്നിവയുടെ പേരിൽ ജനങ്ങൾ പീഡിപ്പിക്കപ്പെട്ടിരുന്നുവെങ്കിൽ, ഇന്ത്യയിൽ ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കാൻ ബോധപൂർവം വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുകയാണ് ചെയ്യുന്നത്.
വോട്ടവകാശം ഉള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ട് തരം ജനങ്ങളെ സൃഷ്ടിച്ച് രാജ്യത്തെ വലിയൊരു വിഭാഗത്തെ പൗരത്വ അവകാശങ്ങളിൽ നിന്ന് പുറന്തള്ളുകയാണ്. പേര് നീക്കം ചെയ്യപ്പെട്ടവർ പൗരന്മാരായി തുടരുമെങ്കിലും വോട്ടവകാശം നിഷേധിക്കപ്പെടുന്നതിലൂടെ പൗരത്വത്തിന്റെ പരമപ്രധാനമായ അർത്ഥമാണ് നഷ്ടപ്പെടുന്നത്. ഇന്ത്യൻ സംസ്കാരത്തിലും സമൂഹത്തിലും വരുത്തുന്ന ഇത്തരം മാറ്റങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും."
— പരകല പ്രഭാകർ വ്യക്തമാക്കി.
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർ തങ്ങളുടെ അവകാശങ്ങൾ തിരിച്ചുപിടിക്കുന്നതിനായി കൂട്ടായ്മകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് തന്നെ കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് നയങ്ങൾക്കെതിരെ നേരിട്ട് തെരുവിലിറങ്ങുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

