‘വൃത്തികെട്ട രാഷ്ട്രീയക്കാർ’ക്കെതിരെയാണ് പോരാട്ടം, ഈ ക്ഷമാപണം സഹോദരിമാരോടും പെൺമക്കളോടുമാണ് രാഷ്ട്രീയക്കാരോടല്ല -സ്ത്രീവിരുദ്ധ പരാമർശത്തിൽ ക്ഷമ ചോദിച്ച് പപ്പു യാദവ്
text_fieldsന്യൂഡൽഹി: രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന സ്ത്രീകളെക്കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധമുയർന്നതിന് പിന്നാലെ ക്ഷമ ചോദിച്ച് ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ പപ്പു യാദവ്. തന്റെ പ്രസ്താവന രാഷ്ട്രീയത്തിലെ സ്ത്രീകളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നു. എന്നാൽ ഈ ക്ഷമാപണം രാഷ്ട്രീയക്കാരോടല്ല, സഹോദരിമാരോടും പെൺമക്കളോടുമാണെന്നും പപ്പു യാദവ് പറഞ്ഞു.
മിക്ക സ്ത്രീകൾക്കും ഉന്നത സ്ഥാനങ്ങളുള്ള നേതാക്കളുടെ കിടപ്പറകളിലൂടെ കടന്നുപോകാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്നതായിരുന്നു പപ്പു യാദവിന്റെ പ്രസ്താവന. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുനനു. ബീഹാറിലെ പൂർണ്ണിയയിൽ നിന്നുള്ള എം.പിയായ പപ്പു യാദവ് പൊതുപരിപാടിക്കിടെയാണ് ഈ വിവാദ പരാമർശം നടത്തിയത്. എൻ.ഡി.എ നേതാക്കളും ബീഹാർ സംസ്ഥാന വനിതാ കമീഷനും സംഭവത്തെ അപലപിച്ചിരുന്നു. കൂടാതെ യാദവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളും റാലികളും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പപ്പു യാദവ് ക്ഷമാപണവുമായി രംഗത്തെത്തിയത്.
തന്റെ പ്രസ്താവന രാഷ്ട്രീയത്തിലെ സ്ത്രീകളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നു. ലൈംഗികാതിക്രമം നടത്തിയ, അതിന്റെ തെളിവുകൾ പരസ്യമായി ലഭ്യമായ ‘വൃത്തികെട്ട രാഷ്ട്രീയക്കാർ’ക്കെതിരെയാണ് തന്റെ പോരാട്ടം. രാഷ്ട്രീയത്തിലുള്ള സ്ത്രീകളുടെ മേൽ കഴുകൻ കണ്ണുകൾ വീഴാൻ അനുവദിക്കില്ല -പപ്പു യാദവ് പറഞ്ഞു.
വിവാദത്തിനിടെ എൻ.ഡി.എ നേതാക്കൾ ഭാര്യയെയും മകളെയും കുറിച്ച് പരാമർശിച്ചതിൽ യാദവ് വേദന പ്രകടിപ്പിക്കുകയും ചെയ്തു. ഞാൻ ആരുടെയും അമ്മയെയോ മകളെയോ അധിക്ഷേപിച്ചിട്ടില്ല. എന്നിട്ടും മകളായി കരുതുന്ന വ്യക്തികൾ എന്റെ ഭാര്യയെയും മകളെയും കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. അവരുടെ പിതാക്കന്മാർ സഹ പാർലമെന്റേറിയൻമാരായിരുന്നു.
അവർ അത്ര സെൻസിറ്റീവ് ആയിരുന്നെങ്കിൽ അടുത്തിടെ നടന്ന നീറ്റ് വിദ്യാർഥി മരണ കേസിലും ദർഭംഗ, വൈശാലി തുടങ്ങിയ സംഭവങ്ങളിലും സ്ത്രീകൾക്കെതിരെ അഴിച്ചുവിട്ട അതിക്രമങ്ങൾക്കെതിരെ അവർ എന്തുകൊണ്ട് നിലകൊണ്ടില്ല? രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാനും സ്ത്രീകളെ സംരക്ഷിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും പപ്പു യാദവ് കൂട്ടിച്ചേർത്തു.
ലോക്സഭയിൽ വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു എം.പിയുടെ വിവാദ പരാമർശം. പപ്പു യാദവിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിരവധി ക്രിമിനൻ കേസുകളിൽ പ്രതിയായ നേതാവ് കൂടിയാണ് പപ്പു യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

