'പേപ്പർ ചോർച്ച കോടികളുടെ ബിസിനസ്സ്, തെരുവിലിറങ്ങുക; പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന പരീക്ഷാ പേപ്പർ ചോർച്ചക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. വൻതോതിൽ സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കോടിക്കണക്കിന് രൂപയുടെ വലിയൊരു മാഫിയയാണ് ഈ പരീക്ഷാ തട്ടിപ്പുകൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർഥികളും പൊതുജനങ്ങളും നിരന്തരം സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താത്ത പക്ഷം ഈ അവസ്ഥ തുടരുമെന്നും കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി.
'ചോദ്യപ്പേപ്പർ ചോർച്ച എന്നത് കോടികളുടെ ബിസിനസ്സാണ്. ഇതിൽ വമ്പൻ സ്രാവുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. നിങ്ങളെല്ലാവരും തെരുവിലിറങ്ങി സർക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കുന്നത് വരെ ഈ റാക്കറ്റ് അവസാനിക്കില്ല. അടുത്ത വർഷവും ഇതേ അവസ്ഥ തന്നെ ആവർത്തിക്കും. നിങ്ങളുടെ കുട്ടികളുടെയും രാജ്യത്തിന്റെയും ഭാവിക്കായി എല്ലാവരും ഒന്നിക്കുക,' കെജ്‌രിവാൾ എക്സിൽ കുറിച്ചു.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് ഡൽഹിയിലെ ജന്തർ മന്ദിറിൽ വൻ പ്രതിഷേധ പ്രകടനം നടക്കും. 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ താനും ജൂൺ 6ലെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരീക്ഷാ വിവാദങ്ങളിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തുന്നത്.
മേയ് 3ന് നടന്ന നീറ്റ് യു.ജി പരീക്ഷ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയതോടെയാണ് രാജ്യം വലിയ പരീക്ഷാ വിവാദത്തിലേക്ക് നീങ്ങിയത്. ഇതിന് തൊട്ടുപിന്നാലെ, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറുകളും, മാർക്കുകളിലെ അപാകതകളും, റീ-വാല്യൂവേഷൻ പോർട്ടലിലെ പ്രശ്നങ്ങളും വിദ്യാർഥികളെയും രക്ഷിതാക്കളെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

