യു.എസിൽ പഞ്ചാബി യുവാവ് വെടിയേറ്റ് മരിച്ചു
text_fieldsന്യൂയോർക്: യു.എസിലെ മിസിസിപ്പിയിൽ കവർച്ചസംഘത്തിെൻറ വെടിയേറ്റ് 21കാരനായ പഞ്ചാബി യുവാവ് മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടാമത്തെ ഇന്ത്യൻ യുവാവാണ് കവർച്ചക്കിടെ കൊല്ലപ്പെടുന്നത്. മിസിസിപ്പിയിലെ ജാക്സൺ സിറ്റിക്ക് സമീപം ജലന്ദർ സ്വദേശിയായ സന്ദീപ് സിങ്ങാണ് വയറ്റിൽ വെടിയേറ്റ് മരിച്ചത്. സന്ദീപ് സിങ്ങും വേറെ രണ്ടുപേരും വീടിന് പുറത്ത് സംസാരിച്ചു നിൽക്കവെ തലമറച്ചെത്തിയ മോഷ്ടാവ് പണവും മൊബൈൽ ഫോണും മോഷ്ടിച്ച് ഒാടി. ഒാടുന്നതിനിടെ ഇവർക്കുനേരെ വെടിവെക്കുകയും സന്ദീപിന് വെടിയേൽക്കുകയുമായിരുന്നു.
മിസിസിപ്പിയിലെ മെഡിക്കൽ സെൻററിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ മരിച്ചു. നാലുവർഷം മുമ്പ് വിസിറ്റിങ് വിസയിൽ യു.എസിലെത്തിയ സന്ദീപ് പിന്നീട് തൊഴിൽവിസയെടുത്ത് അവിടെ ജോലി ചെയ്യുകയായിരുന്നു. ഇൗ വർഷം മിസിസിപ്പിയിൽ കൊല്ലപ്പെടുന്ന 58 ാമത്തെയാളാണ് സന്ദീപ് സിങ്. നവംബർ 16ന് കാലിഫോർണിയയിൽ കവർച്ചക്കാരുടെ വെടിയേറ്റ് 21 കാരനായ ഇന്ത്യൻ യുവാവ് മരിച്ചിരുന്നു.
