Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബ് സർവകലാശാല കാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; പ്രതിഷേധം

text_fields
bookmark_border
Panjab University PhD Scholar Death
cancel

ചണ്ഡീഗഢ്: പഞ്ചാബ് സർവകലാശാല കാമ്പസിൽ മഴവെള്ളക്കെട്ടിലൂടെ നടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പി.എച്ച്.ഡി ഗവേഷക വിദ്യാർഥിനി മരിച്ചു. ഹരിയാനയിലെ റെവാരി സ്വദേശിനിയും സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയുമായ 28കാരി ജ്യോതിയാണ് മരിച്ചത്. സംഭവത്തിൽ വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് സർവകലാശാല അധികൃതർ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും ജ്യോതിയുടെ സഹോദരന് ജോലിയും പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് ഡിപാർട്ട്മെന്റിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് പ്രധാനവഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ജ്യോതി സമീപത്തെ മൺവഴിയിലൂടെ നടന്നുപോകുകയായിരുന്നു. ഈ സമയത്ത് സമീപത്തെ ഇലക്ട്രിക് ബോക്സിൽ നിന്നോ വൈദ്യുതി ലൈനിൽ നിന്നോ വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ നൂറുകണക്കിന് വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. കാമ്പസിലെ വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച വിദ്യാർഥികൾ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു. കാമ്പസിലെ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷാ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

രാത്രിവരെ നീണ്ട ചർച്ചകൾക്കൊടുവിൽ സർവകലാശാല ജ്യോതിയുടെ കുടുംബത്തിന് 16 ലക്ഷം ​രൂപ ധനസഹായം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് വിജയിക്കുകയും ഐ.ടി.ഐ (ഇലക്ട്രിക്കൽ) യോഗ്യതയുമുള്ള ജ്യോതിയുടെ സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലി നൽകുമെന്നും അധികൃതർ അറിയിച്ചു. ജ്യോതിയുടെ പിതാവ് കർഷകനും സ്വകാര്യ സ്കൂളിലെ ഡ്രൈവറുമാണ്. സീനിയർ റിസർച്ച് ഫെലോഷിപ്പിലൂടെ ലഭിച്ച വരുമാനമാണ് കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർവകലാശാല എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാമ്പസിലെ വൈദ്യുതി സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകൾ പരിശോധിക്കാൻ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പഞ്ചാബ് സർവകലാശാല കാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു
Next Story