പൽഘാർ കൊലപാതകം: 24 പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsപൽഘാർ: മഹാരാഷ്ട്രയിലെ പാൽഘറിൽ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 24 പ്രതികൾ കൂടി അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിലെ സി.ഐ.ഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതുവരെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ അടക്കം 128 പേർ അറസ്റ്റിലായിട്ടുണ്ട്.
ഏപ്രിൽ 16ന് നടന്ന സംഭവത്തിൽ മൂന്നു എഫ്.ഐ.ആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ 208 പുതിയ പ്രതികളെ സി.ഐ.ഡി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടി ചേർത്താൽ മൊത്തം പ്രതികൾ 11 കുട്ടികളടക്കം 366 പേരാണ്. അറസ്റ്റിലായവരെ ജഹാനു കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ.ഡി കൗൺസിൽ അമൃത് അധികാരി മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമാക്കാൻ സി.ഐ.ഡി കുറ്റപത്രത്തിൽ സാധിക്കാത്തതിനെ തുടർന്ന് ഒമ്പത് കുട്ടികളടക്കം 28 പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. 62 പേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
ഏപ്രിൽ 16നാണ് വാരാണസിയിലെ ശ്രീ പഞ്ച് ദശ്നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തിൽപെട്ടവരുമായ കൽപവൃഷ് ഗിരി (70), സുഷീൽ ഗിരി (35) എന്നിവരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശമായ സിൽവാസയിൽ മരണാനന്തര ചടങ്ങിനായി ദേശീയപാത വിട്ട് ഗ്രാമത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം.
പ്രദേശത്ത് കവർച്ച നടക്കുമെന്നും അവയവങ്ങൾക്കായി കുട്ടികളെ തട്ടികൊണ്ടു പോകുമെന്നും നിരന്തരം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തിൽ പ്രദേശവാസികൾ സന്യാസിമാർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
നേരേത്ത, രണ്ടു ഡോക്ടർമാരും ഒരു മനോവൈകല്യമുള്ളയാളും സമാനമായി ആക്രമിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

