'പാകിസ്താന്‍റെ മൗനം ആപൽക്കരമാണ്, ഇംറാൻ ഖാന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണം' ശശി തരൂർ
text_fieldsന്യൂഡൽഹി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് സ്ഥാപകനും ഇംറാൻ ഖാന്‍റെ ആരോഗ്യ നിലയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂർ എം.പി. വിഷയത്തിൽ പാകിസ്താൻ പ്രകടിപ്പിക്കുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
"മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് കരുതുമ്പോൾ തന്നെ വിഷയത്തിൽ പ്രകടിപ്പിക്കുന്ന ഇത്രയും വലിയ നിശബ്ദത ആശങ്കാജനകമാണ്. ഇംറാൻ ഖാന്‍റെ കാര്യത്തിൽ മോശപ്പെട്ട കാര്യം എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ വിഷയത്തെക്കുറിച്ച് പാകിസ്താൻ സർക്കാറോ ബന്ധപ്പെട്ട അധികൃതരോ ഒന്നും പറഞ്ഞിട്ടില്ല. ഈ നിശബ്ദത ആപൽക്കരമാണ്.
പിതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവു വേണമെന്ന് അദ്ദേഹത്തിന്‍റെ മകൻ ആവശ്യപ്പെടുന്ന മകന്‍റെ സന്ദേശം കണ്ടു. പിതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിന് ആരും തെളിവ് നൽകിയിട്ടില്ല. ഇത് ആശങ്കാജനകമായ കാര്യമാണ്.
ഇന്ത്യയിലെ സാധാരണ പൗരൻ എന്ന നിലയിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. ഇത് നമ്മുടെ വിദേശനയം സംബന്ധിച്ച വിഷയവുമല്ല. ഇത് പാകിസ്താന്‍റെ ആഭ്യന്തര കാര്യമാണ്. പക്ഷെ ഒരു മനുഷ്യന്‍റെ ജീവൻ അപകടത്തിലാണ്. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നറിയാൻ താൽപര്യമുള്ള ക്രിക്കറ്റ് ആരാധകർ അടക്കം ഒരുപാടാളുകളുണ്ട്. ഒരാളെ ജയിലിൽ അടക്കുകയും അങ്ങനെ പെട്ടെന്ന് ഒരാളെ അപ്രത്യക്ഷമാക്കാനും കഴിയില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അധികൃതർ വിശദീകരിക്കണം, വിഷയത്തിൽ വ്യക്തത വരുത്തണം, അധികാരികൾ കുറ്റവിമുക്തരാകണം. അതാണ് ഈ വിഷയത്തിലുള്ള എന്‍റെ നിലപാട്." ശശി തരൂർ പറയുന്നു.
രണ്ടു ദിവസങ്ങൾക്ക് മുൻപ് ജയിലിലുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ജീവനോടെ ഉണ്ട് എന്നതിന് സർക്കാർ തെളിവ് നൽകണമെന്നാവശ്യപ്പെട്ട് മകൻ കാസിം ഖാൻ രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് കാസിം ഖാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. 73കാരനായ ഇംറാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു.
കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഒരു മാസമായി കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ പാർട്ടി അംഗങ്ങളെയോ അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നില്ല. എന്നും എക്സിലെഴുതുയ കുറിപ്പിൽ കാസിം ഖാൻ പറഞ്ഞിരുന്നു.
അതേസമയം, പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ നേരത്തേ രംഗത്തെത്തിയിരുന്നു. അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ബുധനാഴ്ച ജയിലിൽ നിന്ന് മാറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അദിയാല ജയിലിൽ നിന്ന് ഇംറാൻ ഖാനെ മാറ്റിയെന്ന വാർത്തകൾക്ക് ഒരടിസ്ഥാനവുമില്ലെന്നും ജയിൽഅധികൃതരെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പൂർണ ആരോഗ്യവാനായ ഇംറാൻ ഖാന് എല്ലാവിധ വൈദ്യസഹായങ്ങളും അനുവദിക്കുന്നുണ്ട്. ഇംറാൻ ഖാനെ കാണാനായി പ്രതിഷേധം നടത്തിയ സഹോദരിമാർക്ക് ജയിൽ അധികൃതർ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്. അനുമതി ലഭിച്ചതോടെ സഹോദരിമാർ പ്രതിഷേധസമരം അവസാനിപ്പിക്കുകയും ചെയ്തു. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇംറാനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല.
അതിനിടെ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഇംറാൻ ഖാനെ അടിയന്തരമായി സന്ദർശിക്കാൻ അവസരം ഒരുക്കണമെന്ന് പി.ടി.ഐ ആവശ്യപ്പെട്ടു. ഇംറാൻ ഖാന്റെ ആരോഗ്യം, സുരക്ഷ, നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ച് ഔദ്യോഗിക തലത്തിൽ പ്രസ്താവന പുറപ്പെടുവിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികൾ ആയവരെക്കുറിച്ച് അന്വേഷിച്ച് വസ്തുതകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ജയിലിൽ കഴിയുന്ന ഇംറാൻ ഖാൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അഭ്യൂഹം പരന്നിരുന്നു. അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് അദിയാല ജയിലിന് പുറത്ത് എത്തിയ സഹോദരിമാരായ നൗറീൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവർക്ക് പൊലീസ് മർദനമേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇംറാൻ ഖാൻ അദിയാല ജയിലിൽ കൊല്ലപ്പെട്ടതായി പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിച്ചത്. അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ ആയിരക്കണക്കിനാളുകൾ ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം തുടങ്ങി.
2023 ആഗസ്റ്റിലാണ് മുൻ പാക് പ്രധാനമന്ത്രിയായ ഇംറാൻ ഖാനെ ജയിലിലടച്ചത്. ഇംറാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് ആയിരക്കണക്കിന് പി.ടി.ഐ അനുയായികൾ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. ജയിലിന് പുറത്ത് ഉണ്ടായിരുന്ന സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായി നൗറീൻ നിയാസി ആരോപിച്ചു.
“മൂന്ന് വർഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തി. പൊലീസിന്റെ പെരുമാറ്റം കുറ്റകരവും നിയമവിരുദ്ധവും അപലപനീയവുമാണ്. ജനാധിപത്യ സമൂഹത്തിലെ നിയമ നിർവഹണ ഏജൻസിയുടെ അടിസ്ഥാന കടമകൾക്ക് വിരുദ്ധമായിരുന്നു നീക്കം’ -നൗറീൻ നിയാസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

