പൗരന്മാരുടെ സംരക്ഷണ ചർച്ചയിൽ പാകിസ്താൻ പങ്കെടുക്കുന്നത് കാപട്യം; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ
text_fieldsന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പൗരന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിൽ പാകിസ്താൻ പങ്കെടുക്കുന്നത് പോലും അന്താരാഷ്ട്ര സമൂഹത്തോടുള്ള അപമാനമാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലാണ് പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയത്. തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത പാകിസ്താന് സിവിലിയൻ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്ന് ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പുരി
ചൂണ്ടിക്കാട്ടി. ‘പാകിസ്താൻ സൈന്യം ഈ മാസം ആദ്യം ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ മനഃപൂർവ്വം ഷെല്ലാക്രമണം നടത്തി. ഇരുപതിലധികം സാധാരണക്കാർ കൊല്ലപ്പെടുകയും 80ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, കോൺവെന്റുകൾ എന്നിവയുൾപ്പെടെയുള്ള ആരാധനാലയങ്ങളും മെഡിക്കൽ സൗകര്യങ്ങളും മനഃപൂർവ്വം ലക്ഷ്യമിട്ടു. അത്തരമൊരു ആക്രമണത്തിന് ശേഷം പാകിസ്താൻ ഈ സ്ഥാപനത്തിൽ പ്രസംഗിക്കുന്നത് അങ്ങേയറ്റം കപടതയാണ്’, അദ്ദേഹം പറഞ്ഞു. ‘സായുധ സംഘട്ടനത്തിലെ സിവിലിയന്മാരുടെ സംരക്ഷണം’എന്ന വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഹരീഷ് പുരി.
‘പല വിഷയങ്ങളിലും പാകിസ്താൻ പ്രതിനിധിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഞാൻ നിർബന്ധിതനാണ്. ഇന്ത്യൻ അതിർത്തികളിൽ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദ ആക്രമണങ്ങൾ പതിറ്റാണ്ടുകളായി ഇന്ത്യ അനുഭവിച്ചിട്ടുണ്ട്’ ഹരീഷ് പുരി പറഞ്ഞു.
‘ഇത്തരമൊരു രാഷ്ട്രം പൗരന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നത് പോലും അന്താരാഷ്ട്ര സമൂഹത്തോടുള്ള അപമാനമാണ്. തീവ്രവാദികളെയും സാധാരണക്കാരെയും തമ്മിൽ വേർതിരിക്കാത്ത ഒരു രാഷ്ട്രത്തിന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഒരു യോഗ്യതയുമില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാമിൽ പാക് സഹായത്തോടെ ഭീകരർ നടത്തിയ കൂട്ടക്കൊലയെയും ഹരീഷ് പുരി പരാമർശിച്ചു.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി പാകിസ്താൻ സ്ഥിരമായി സിവിലിയൻ സംരക്ഷണം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഓപറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പ്രധാന ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ മുതിർന്ന സർക്കാർ, പൊലീസ്, സൈനിക ഉദ്യോഗസ്ഥർ ആദരാഞ്ജലികൾ അർപ്പിക്കുന്നത് അടുത്തിടെയാണ് നമ്മൾ കണ്ടത്. തീവ്രവാദികളെയും സാധാരണക്കാരെയും തമ്മിൽ ഒരു വ്യത്യാസവും കാണാത്ത ഒരു രാജ്യത്തിന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഒരു യോഗ്യതയുമില്ല,’ ഹരീഷ് പുരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

