ഭർത്താവ് തന്നെ ഉപേക്ഷിച്ച് ഡൽഹിയിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു; പ്രധാനമന്ത്രിയോട് സഹായമഭ്യർഥിച്ച് പാക് യുവതി
text_fieldsന്യൂഡൽഹി: ഭർത്താവ് തന്നെ ഉപേക്ഷിച്ച് ഡൽഹിയിലുള്ള മറ്റൊരു യുവതിയുമായി വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും അത് തടയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായമഭ്യർഥിച്ച് പാക് യുവതി. കറാച്ചി സ്വദേശിയായ നികിത നാഗ്ദേവ് ആണ് ഭർത്താവ് തന്നെ ഉപേക്ഷിച്ച് രണ്ടാംവിവാഹത്തിന് തയാറെടുക്കുന്നതായി ആരോപണമുന്നയിച്ചത്. പാക് പൗരനായ വിക്രം നാഗ്ദേവിനെയാണ് നികിത വിവാഹം ചെയ്തത്. 2020 ജനുവരി 26നായിരുന്നു കറാച്ചിയിൽ വെച്ച് ഹിന്ദു ആചാര പ്രകാരം ഇരുവരുടെയും വിവാഹം. ഫെബ്രുവരി 26ന് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആ യാത്രയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും അവർ പറയുന്നു.
2020 ജൂലൈ ഒമ്പതിന് വിസ സാങ്കേതികതയുടെ മറവിൽ തന്നെ അത്താരി അതിർത്തിയിലേക്ക് കൊണ്ടുപോയി പാകിസ്താനിലേക്ക് തന്നെ തിരിച്ചയച്ചതായും നികിത പറയുന്നു. അങ്ങനെ നികിത പാകിസ്താനിലേക്ക് പോകാൻ നിർബന്ധിതയാക്കപ്പെട്ടു. ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വിക്രം ഒന്നും ചെയ്തില്ല. ഓരോ തവണയും തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഭ്യർഥിച്ചിട്ടും അതൊന്നും വിക്രം ചെവിക്കൊണ്ടില്ല.
നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടമാകുമെന്നും നികിത പറയുന്നുണ്ട്. പല പെൺകുട്ടികളും അവരുടെ ഭർതൃവീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുകയാണെന്നും എല്ലാവരും തനിക്കൊപ്പം നിൽക്കണമെന്നുമാണ് അവരുടെ അഭ്യർഥന.
വിവാഹ ശേഷം ഭർതൃവീട്ടിൽ കടുത്ത പീഡനമാണ് അനുഭവിച്ചതെന്നും നികിത ആരോപിക്കുന്നു. പാകിസ്താനിൽ മടങ്ങിയെത്തിയപ്പോൾ ഭർതൃവീട്ടുകാരുടെ മനോഭാവവും മാറിയിരുന്നു. അപ്പോഴാണ് തന്റെ ബന്ധുവായ ഒരു പെൺകുട്ടിയുമായി ഭർത്താവ് പ്രണയത്തിലായിരുന്നു എന്ന വിവരം നികിത അറിയുന്നത്. ഇക്കാര്യം ഭർതൃപിതാവിനോട് ചോദിച്ചപ്പോൾ ആൺകുട്ടികൾക്ക് പ്രണയബന്ധങ്ങളൊക്കെ ഉണ്ടാകും. അതിൽ ഒന്നും ചെയ്യാനില്ല. എന്നായിരുന്നു മറുപടി.
കോവിഡ് ലോക്ഡൗൻ സമയത്ത് പോലും വിക്രം പാകിസ്താനിലേക്ക് മടങ്ങാൻ സമ്മർദം ചെലുത്തിയെന്നും അതിനു ശേഷം ഇന്ത്യയിലേക്കുള്ള വരവ് തടഞ്ഞുവെന്നും നികിത പറയുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പെൺകുട്ടികളും നീതി അർഹിക്കുന്നുവെന്നും അവർ പറഞ്ഞു.
തങ്ങളുടെ വിവാഹം നിലനിൽക്കെ തന്നെ വിക്രം ഇന്ത്യയിൽ വീണ്ടുമൊരു വിവാഹത്തിന് തയാറെടുക്കുകയാണെന്ന വിവരമറിഞ്ഞ ശേഷമാണ് നികിത 2025 ജനുവരി 27ന് പരാതി നൽകിയത്. പരാതി സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിന്റെ പരിഗണനയിലാണ്. മധ്യപ്രദേശ് ഹൈകോടതിയുടെ കീഴിലാണ് അത് പ്രവർത്തിക്കുന്നത്. നികിതയും വിക്രമും ഇന്ത്യൻ പൗരൻമാരല്ലാത്ത സാഹചര്യത്തിൽ ഈ പരാതി പരിഗണിക്കേണ്ടത് പാകിസ്താനാണ് എന്നായിരുന്നു 2025 ഏപ്രിൽ 30ന് കേന്ദ്രം ഇക്കാര്യത്തിൽ തീർപ്പുകൽപിച്ചത്. വിക്രമിനെ പാകിസ്താനിലേക്ക് നാടുകടത്താനുള്ള നടപടികൾക്കൊരുങ്ങുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇൻഡോറിലും ഈ കേസ് നേരത്തെ ചർച്ചയായിരുന്നു. 2025 മേയിൽ നികിത ഇൻഡോർ സാമൂഹിക പഞ്ചായത്തിനെ സമീപിച്ചു. അവർ വിക്രമിനെ നാടുകടത്താൻ ശിപാർശ ചെയ്തു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഡോർ കലക്ടർ ആശിഷ് സിങ് സ്ഥിരീകരിക്കുകയും ചെയ്തു. ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുകയാണ് വിക്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

