വിസ ലഭിച്ചില്ല, മരുഭൂമി താണ്ടി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ പാകിസ്താനി ദമ്പതികൾ ദാഹിച്ച് മരിച്ചു
text_fieldsജയ്സാൽമിർ: രാജസ്ഥാനിലെ ജയ്സമാൽമിറിനടുത്ത് അന്താരാഷ്ട്ര അതിർത്തി കടന്നെത്തിയ പാകിസ്താനി ദമ്പതികളായ രവി കുമാർ (17) ശാന്തി ഭായ് (15) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. നിർജലീകരണമാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.
മരിച്ചുകിടക്കുന്നയിടത്തുനിന്നുള്ള ഫോട്ടോ മരണത്തിന് മുൻപ് ഇവർ അനുഭവിച്ച ദൈന്യതകൾ മുഴുവൻ വെളിപ്പെടുത്തുന്നതാണ്. ജെറി കാൻ മുഖത്ത് കമിഴ്ത്തി വെച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിട്ടുളളത്. ശരീരത്തിലെ പാടുകളും നിർജലീകരണമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നു.
പാകിസ്താനിലെ സൗത്ത് സിന്ധ് പ്രൊവിൻസിലെ ഗോട്കി ജില്ലയിൽ നിന്നുള്ളവരാണ് ദമ്പതികൾ. വീട്ടുകാർ പറഞ്ഞുറപ്പിച്ച ഇവരുടെ വിവാഹം നാല് മാസം മുൻപാണ് നടന്നത്. സുരക്ഷിതമായ ഭാവി ജീവിതം കെട്ടിപ്പടുക്കാനായി ഇന്ത്യൻ വിസക്ക് രണ്ടുപേരും അപേക്ഷിച്ചിരുന്നു. എന്നാൽ ഈയിടെ ഇന്ത്യ-പാകിസ്താൻ ബന്ധം വഷളായതിനെ തുടർന്ന് വിസ ലഭിച്ചില്ല.
തുടർന്ന് അനധികൃതമായി അതിർത്തി കടക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. കുമാറിന്‍റെ പിതാവ് യാത്ര വിലക്കിയിരുന്നുവെങ്കിലുംം ദമ്പതികൾ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. ഒരാഴ്ച മുൻപാണ് സ്വന്തം ഗ്രാമത്തിൽ നിന്ന് ഇവർ യാത്ര പുറപ്പെട്ടത്.
അതിർത്തി കടന്നെങ്കിലും ഭിഭിയാൻ മരുഭൂമിയിൽ വെച്ച് ഇവർക്ക് വഴി തെറ്റുകയായിരുന്നു. കൊണ്ടുവന്ന ജലം തീർന്നുപോയതിനാൽ ദാഹവും നിർജലീകരണവും മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാകിസ്താനിൽ നിന്നും വെള്ളം കൊണ്ടുവന്ന ജെറി കാൻ മൃതദേഹങ്ങളുടെ പക്കൽ നിന്നും കണ്ടെടുത്തു.
മെഡിക്കൽ ബോർഡ് ഞായറാഴ്ച ഇവരുടെ പോസ്റ്റ് മോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

