സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചു, അണുബോംബ് കാണിച്ച് പേടിപ്പിക്കേണ്ട; പാകിസ്താന്‍റെ യഥാർഥ മുഖം തുറന്നു കാണിക്കുമെന്ന് പ്രധാനമന്ത്രി
text_fieldsബിക്കാനീർ (രാജസ്ഥാൻ): സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി പാകിസ്താനെതിരെ ആഞ്ഞടിച്ചത്.
അണുബോംബ് കാണിച്ച് ഇന്ത്യയെ പേടിപ്പിക്കാൻ നോക്കേണ്ട. പാകിസ്താന്‍റെ യഥാർഥ മുഖം ലോകത്തിന് മുമ്പിൽ തുറന്നു കാണിക്കും. പാകിസ്താൻ ഭീകരവാദം കയറ്റി അയക്കുന്നത് തുടരുകയാണെങ്കിൽ ഓരോ ചില്ലിക്കാശിനും യാചിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പഹൽഗാമിൽ നിറയൊഴിച്ചപ്പോൾ വേദനിച്ചത് 140 കോടി ജനങ്ങൾക്കാണ്. ഭീകരർ മതം നോക്കി നിരപരാധികളെ കൊലപ്പെടുത്തി. 22 മിനിറ്റിൽ ഇന്ത്യ മറുപടി നൽകി. ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ഇന്ത്യൻ സായുധസേനയുടെ ശക്തിക്ക് മുമ്പിൽ പാകിസ്താന് കീഴടങ്ങേണ്ടി വന്നു.
ഇന്ത്യ നിശബ്ദമായിരിക്കുമെന്ന് കരുതിയവർ ഇപ്പോൾ വീടുകളിൽ ഒളിച്ചിരിക്കുകയാണ്. ആയുധങ്ങളിൽ അഭിമാനം കൊണ്ടവർ സ്വന്തം അവശിഷ്ടങ്ങളാൽ മൂടപ്പെട്ടു. സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായെന്നും ഓപറേഷൻ സിന്ദൂർ നീതിയുടെ പുതിയ സ്വരൂപമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരതയെ ചെറുക്കുന്നതിന് ഓപറേഷൻ സിന്ദൂർ മൂന്ന് സൂത്രവാക്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഒന്ന്- ഇന്ത്യക്ക് നേരെ ഭീകരാക്രമണം ഉണ്ടായാൽ ഉചിതമായ മറുപടി നൽകും. അതിന് ഉചിതമായ സമയവും മാർഗവും സാഹചര്യവും സൈന്യം തീരുമാനിക്കും. അണുബോംബ് ഭീഷണികളെ ഇന്ത്യ ഭയപ്പെടുന്നില്ല എന്നതാണ് രണ്ടാമത്തേത്. ഭീകരരെയും അവരെ ആശ്രയിക്കുന്ന സർക്കാറുകളെയും ഇന്ത്യ വേർതിരിച്ച് കാണില്ല എന്നതാണ് മൂന്നാമത്തേത്.
ഇന്ത്യയുമായി നേരിട്ടുള്ള പോരാട്ടത്തിൽ പാകിസ്താൻ ഒരിക്കലും വിജയിക്കില്ല. രാജ്യത്തിനെതിരെ ആയുധമായി ഭീകരവാദത്തെ ഉപയോഗിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും ഇത് തുടരുന്നു. പാകിസ്താൻ ഭീകരവാദം പ്രചരിപ്പിക്കുകയും നിരപരാധികളെ കൊലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

