അതിർത്തിയിൽ പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; ഇന്ത്യ തിരിച്ചടിച്ചു
text_fieldsജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സേനയുടെ വെടിവെപ്പ്. ജമ്മു ജില്ലയിലെ അരിന സെക്ടറിൽ ചൊവ്വാഴ്ച രാവിലെ പാക് റേഞ്ചേഴ്സ് പ്രകോപനമൊന്നും കൂടാതെ നടത്തിയ വെടിവെപ്പിൽ ആർക്കും പരിക്കില്ല. ഇതേത്തുടർന്ന് ഇന്ത്യൻ അതിർത്തി രക്ഷാസേന കനത്ത തിരിച്ചടി നൽകിയതായി അധികൃതർ പറഞ്ഞു. 'അതിർത്തി രക്ഷാസേനയുടെ പട്രോളിങ് സംഘത്തിനുനേരെ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിന് അർഹിക്കുന്ന തിരിച്ചടി നൽകി' -ബി.എസ്.എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്.പി.എസ് സന്ധു പറഞ്ഞു.
ഇതിനിടെ, വെടിനിർത്തൽ ലംഘനം നടന്ന് മണിക്കൂറുകൾക്കകം ഇരു രാജ്യങ്ങളുടെയും സേനകളുടെ ഫ്ലാഗ് മീറ്റിങ് നടത്തി.
വെടിവെപ്പുണ്ടായ സാഹചര്യത്തിൽ അന്താരാഷ്ട്ര അതിർത്തിയിൽ ബി.എസ്.എഫും പാക് റേഞ്ചേഴ്സും ഫ്ലാഗ് മീറ്റിങ് നടത്തിയതായും നിലവിലെ ചട്ടങ്ങൾ പാലിക്കാൻ തീരുമാനിച്ചതായും സേന വൃത്തങ്ങൾ അറിയിച്ചു.