പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. പുലർച്ചെ 3.20നായിരുന്നു പ്രകോപനപരമായ ആക്രമണം.
ചെറിയ ആയുധങ്ങൾ കൊണ്ട് വെടിവെപ്പും മോർട്ടാർ ഉപയോഗിച്ച് ഷെല്ലാക്രമണവും നടത്തിയെന്നാണ് ദേശീയ വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഒക്ടോബർ ഒന്നിന് കുപ്വാരയിലെ നൗഗാം മേഖലയിലെയും പൂഞ്ചിലെയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു സൈനികർ വീരമ്യത്യു വരിച്ചിരുന്നു. അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിയന്ത്രണരേഖയിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്. കഴിഞ്ഞ എട്ടു മാസങ്ങൾക്കിടെ 3000ലധികം വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാക് സൈന്യം നടത്തിയതെന്നാണ് റിപ്പോർട്ട്.