പാകിസ്താൻ ചാരവൃത്തി; യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
text_fieldsജ്യോതി മൽഹോത്രയും മറ്റ് പ്രതികളും
ന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർ ഉൾപ്പെടെ ആറു പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന സംഘമാണ് അറസ്റ്റിലായതെന്നും പാകിസ്താന്റെ ഏജന്റുമാരായും സാമ്പത്തിക സഹായികളുമായി പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
പഞ്ചാബ് മലേർകോട്ലയിൽ നിന്നുള്ള മുപ്പത്താറുകാരി ഗുസാല, വിദ്യാർഥിയായ ദേവീന്ദർ സിങ് ധില്ലൺ, യമീൻ മുഹമ്മദ് തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ വ്ലോഗ് ചെയ്തിരുന്ന ഹരിയാന സ്വദേശിയായ മുപ്പത്താറുകാരി ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായ യൂട്യൂബർ.
ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023ൽ പാകിസ്താൻ സന്ദർശിച്ച ജ്യോതി യാത്രക്കിടെ, ഡൽഹിയിലെ പാകിസ്താൻ ഹൈകമീഷൻ ജീവനക്കാരനായ ഇഹ്സാനു റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചു.
വാട്സ്ആപ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അവർ പതിവായി ബന്ധം പുലർത്തിയിരുന്നു. ഇന്ത്യൻ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതായും ഹിസാർ പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു.
ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡാനിഷിനോട് 24 മണിക്കൂറിനുള്ളില് രാജ്യം വിടാൻ മേയ് 13ന് ഇന്ത്യ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളുമായി ബന്ധപ്പെപ്പെട്ട ആറ് ഇന്ത്യക്കാർ അറസ്റ്റിലാവുന്നത്.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 152, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

