പാക് ചാരവൃത്തി; ഇതുവരെ അറസ്റ്റിലായത് ഒമ്പത് പേർ, യൂട്യൂബർ മുതൽ വിദ്യാർത്ഥികൾ വരെ നീളുന്ന ലിസ്റ്റ് പുറത്തുവിട്ട് പൊലീസ്
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ചാരവൃത്തി സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയ ഇന്ത്യ, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇതിൽ നാല് പേർ ഹരിയാന, മൂന്ന് പേർ പഞ്ചാബ് ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്.
ചാരവൃത്തി ആരോപിച്ച് ട്രാവൽ യൂട്യൂബറെ അറസ്റ്റ് ചെയ്തതിനുശേഷമുള്ള അന്വേഷണത്തിൽ പാകിസ്താൻ കൂടുതൽ സ്വാധീനമുള്ള യുവതി- യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് ഹിസാർ പൊലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കാനായി കൂടുതൽ പണവും മാറ്റ് സൗകര്യങ്ങളും പാകിസ്താൻ വാഗ്‌ദാനം ചെയ്യുന്നതാണ് ഇവരെ ചാരവൃത്തിയിലേക്ക് നയിച്ചതെന്നും ഹിസാൻ എസ്.പി ശശാങ്ക് കുമാർ സാവാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുവരെ അറസ്റ്റിലായവർ
ജ്യോതി മൽഹോത്ര
'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ ഉടമയാണ് ജ്യോതി മൽഹോത്ര. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. ഇന്ത്യൻ സൈനിക വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ചതിന് ദിവസങ്ങൾക്കു മുമ്പാണ് ജ്യോതി അറസ്റ്റിലായത്. 33കാരിയായ ഇവർ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധത്തിലായിരുന്നു. ജ്യോതി രണ്ട് തവണ പാകിസ്താൻ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ഹിസാൻ പൊലീസ് പറഞ്ഞു.
ദേവേന്ദർ സിങ്
പട്യാലയിലെ ഖൽസ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് 25കാരനായ ദേവേന്ദ്ര സിംഗ് ധില്ലൺ. മേയ് 12ന് ഫേസ്ബുക്കിൽ തോക്കുകളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് പൊലീസ് ദേവേന്ദറിനെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നവംബർ അവസാനം ദേവേന്ദർ സിങ് പാകിസ്താനിലേക്ക് പോയതായും പട്യാല മിലിറ്ററി കണ്ടോൺമെന്റിന്റെ ഫോട്ടോകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാക് ചാര സംഘടനയായ 'ഇന്റർ സർവീസ് ഇന്റലിജൻസിന്' കൈമാറിയതായും ദേവേന്ദർ സിങ് സമ്മതിച്ചിട്ടുണ്ട്.
നൗമാൻ ഇലാഹി
ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 24കാരനാണ് നൗമാൻ ഇലാഹി. ദിവസങ്ങൾക്ക് മുമ്പാണ് നൗമാൻ ഇലാഹിയെ പാനിപ്പത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താനിലെ ഭീകരസംഘടനയായ ഐ.എസ്.ഐയുമായി ഇയാൾ ബന്ധപെട്ടിരുന്നതായാണ് റിപ്പോർട്ട്. പാകിസ്താന് വിവരങ്ങൾ നൽകിയതിന്റെ ഭാഗമായി സഹോദരീഭർത്താവിന്റെ അക്കൗണ്ടിലേക്ക് പാകിസ്ഥാനിൽ നിന്ന് പണം വന്നതായി പൊലീസ് പറഞ്ഞു.
അർമാൻ
മേയ് 16ന് ഹരിയാനയിലെ നൂഹിൽ വെച്ചാണ് 23കാരനായ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്ത് പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
താരിഫ്
ഹരിയാനയിലെ നൂഹിൽ നിന്ന് അറസ്റ്റിലായ രണ്ടാമത്തെയാളാണ് താരിഫ്. അർമാന്റെ അറസ്റ്റിന് പിന്നാലെയാണ് താരിഫിനെ പൊലീസ് പിടികൂടിയത്. തുടർന്നുള്ള പരിശോധനയിൽ പാകിസ്താൻ വാട്സ്ആപ് നമ്പറുകളിൽ നിന്നുള്ള ഡാറ്റകൾ ഇയാളുടെ ഫോണിൽ നിന്നും ലഭിച്ചതായാണ് റിപ്പോർട്ട്.
ഷഹ്സാദ്
ഉത്തർപ്രദേശിലെ റാംപൂരിലെ ബിസിനസുകാരനായ ഷഹ്‌സാദിനെ ഞായറാഴ്ച മൊറാദാബാദിൽ വെച്ചാണ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഷഹ്സാദ് പാകിസ്താന് കൈമാറിയതായി എസ്.ടി.എഫ് പറഞ്ഞു. നിരവധി തവണ പാകിസ്താനിലേക്ക് യാത്ര ചെയ്ത ഇയാൾ സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്ന ആളായിരുന്നു.
മുഹമ്മദ് മുർതാസ അലി
ജലന്ധറിൽ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് മുഹമ്മദ് മുർതാസ അലി അറസ്റ്റിലായത്. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് അറസ്റ്റ്. സ്വയം വികസിപ്പിച്ചെടുത്ത മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് മുർതാസ അലി വിവരങ്ങൾ കൈമാറിയത്. നാല് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമാനമായ കേസുകളിൽ പഞ്ചാബിൽ നിന്ന് ഗസാല, യാമിൻ മുഹമ്മദ് എന്നീ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബിൽ നിന്ന് ഗസാല, യാമിൻ മുഹമ്മദ്
പഹൽഗാം ഭീകരാക്രമണത്തിന്റെ തുടർന്നാണ് ഈ അറസ്റ്റുകളെല്ലാം. ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

