Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിന്ധു നദീജല കരാർ...

സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്താൻ

text_fields
bookmark_border
സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്താൻ
cancel

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ (ഐ.ഡബ്ല്യു.ടി) പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്താൻ. കരാർ ഉടൻ പുനഃസ്ഥാപിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ പിന്താങ്ങണമെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ആവശ്യപ്പെട്ടു. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ പാക് സന്ദർശനവേളയിൽ ഇസ്ലാമാബാദിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ദാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അനിത ആനന്ദ് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പാകിസ്താനിൽ എത്തിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ 2025-ൽ ഇന്ത്യ കരാർ മരവിപ്പിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പാകിസ്താൻ വിശ്വസനീയമായ നടപടി സ്വീകരിക്കുന്നതുവരെ കരാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്ന് ഇന്ത്യ അന്ന് പറഞ്ഞിരുന്നത്. ഇന്ത്യയുടെ തീരുമാനം മേഖലയിലെ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ വഷളാക്കിയതായി ദാർ ആരോപിച്ചു.

അന്താരാഷ്ട്ര പിന്തുണ തേടി ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ ഉടൻ പുനഃസ്ഥാപിക്കുന്നതിനും, ജലത്തെ ആയുധമാക്കുന്നത് അവസാനിപ്പിക്കുന്നതിനും, അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അനുസരിച്ചുള്ള ബാധ്യതകൾ പാലിക്കുന്നതിനും കാനഡ പോലുള്ള സൗഹൃദ രാജ്യങ്ങളുടെ പിന്തുണ തങ്ങൾ തേടുന്നുവെന്ന് ദാർ പറഞ്ഞു. എന്നാൽ സിന്ധു നദീജല കരാറിൽ ഇന്ത്യ തന്റെ നിലപാട് കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. കരാർ സസ്പെൻഡ് ചെയ്തതിന് സമയപരിധികളൊന്നുമില്ലെന്നും, പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നത് വരെ ഇത് മരവിപ്പിച്ച് തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് ഇന്ത്യ നിലവിൽ സജീവമായി ആലോചിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നിരുന്നാലും, ഒരു പരമാധികാര രാജ്യമെന്ന നിലയിൽ, രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ഏതൊരു അന്താരാഷ്ട്ര കരാറും അവസാനിപ്പിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യത്ത് ജലക്ഷാമത്തിന് കാരണമായെന്ന പാകിസ്താന്റെ അവകാശവാദത്തെയും ഇന്ത്യ തള്ളിക്കളഞ്ഞു.

സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് 1960-ലാണ് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിൽ സിന്ധു നദീജല ഉടമ്പടി ഒപ്പുവെച്ചത്. 1960 സെപ്റ്റംബർ 19-ന് കറാച്ചിയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് ഉടമ്പടി ഒപ്പുവെച്ചത്. കരാർ പ്രകാരം, കിഴക്കൻ നദികളായ സത്‌ലജ്, ബിയാസ്, രാവി എന്നിവയുടെ പൂർണ്ണ നിയന്ത്രണവും ഉപയോഗാധികാരവും ഇന്ത്യക്ക് ലഭിക്കും. പടിഞ്ഞാറൻ നദികളായി സിന്ധു, ഝലം, ചെനാബ് നദികളിലെ ജലം പാകിസ്താനുമാനണ് ലഭിക്കുക. പടിഞ്ഞാറൻ നദികളിലെ വെള്ളത്തിന്റെ ഏകദേശം 20 ശതമാനം ജലം ഗാർഹിക ആവശ്യങ്ങൾക്കും, കൃഷിക്കും, വൈദ്യുതി ഉത്പാദനത്തിനുമായി നിബന്ധനകൾക്ക് വിധേയമായി ഉപയോഗിക്കാനും ഇന്ത്യക്ക് അനുവാദമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indus Water TreatyIndus RiverPakistanIndia
Next Story