കൊല്ലപ്പെട്ടത് 11 സൈനികർ മാത്രമെന്ന് പാകിസ്താൻ; പരിക്കേറ്റത് 78 ഉദ്യോഗസ്ഥർക്ക്
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ 11 പാക് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ സൈന്യം അവകാശപ്പെട്ടു. നാല് ദിവസമായി നടന്ന ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിലെയും വ്യോമസേനയിലെയും 78 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ചൊവ്വാഴ്ച പുറത്തുവിട്ട പാക് സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലിൽ 40 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചിരുന്നു.
പാക് വ്യോമസേനയിൽ നിന്നുള്ള സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പാക് സൈനികരായ നായിക്ക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുല്ല, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടു.
പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 100ലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. മറുപടിയായി പാകിസ്താൻ സൈന്യം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി ഡ്രോൺ ഷെല്ലാക്രമണങ്ങൾ നടത്തിയെങ്കിലും അതെല്ലാം ഇന്ത്യൻ സൈന്യം നൂതന ആയുധശേഖരമുപയോഗിച്ച് പരാജയപ്പെടുത്തിയിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെച്ചായിരുന്നു പാക് സേന ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.