അറബിക്കടലിൽ ‘ത്രിശൂൽ’ ആരംഭിച്ച് ഇന്ത്യ; തൊട്ടുപിന്നാലെ സൈനികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്താൻ
text_fields(പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി / ഇസ്‌ലാമാബാദ്: ഓപറേഷൻ സിന്ദൂറിനുശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ സൈനിക ശക്തിപ്രകടനം ‘ത്രിശൂൽ’ ആരംഭിച്ച അറബിക്കടലിൽ തന്നെ ലൈവ്-ഫയർ നാവികാഭ്യാസങ്ങൾ പ്രഖ്യാപിച്ച് പാകിസ്താൻ. നവംബർ 2 മുതൽ 5 വരെ വടക്കൻ അറബിക്കടലിൽ ഏകദേശം 6,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അഭ്യാസം നടത്തുമെന്നാണ് പാക് നാവിക അധികൃതർ പറഞ്ഞിരിക്കുന്നത്. ഇതേ ജലപാതയിലാണ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും കൂടാതെ 40,000 സൈനികരുമായി ഇന്ത്യ ‘ത്രിശൂൽ’ സൈനികാഭ്യാസം നടത്തുന്നത്.
രാജസ്ഥാൻ, ഗുജറാത്ത്, അറേബ്യൻ കടൽ എന്നിവിടങ്ങളിൽ ഇന്ത്യ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സൈനികാഭ്യാസം ആരംഭിച്ച് 48 മണിക്കൂറായപ്പോഴേക്കും പാകിസ്താൻ സൈനികാഭ്യാസം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി നേരത്തെ മധ്യ, തെക്കൻ പാകിസ്താനിലൂടെയുള്ള വ്യോമപാതകൾ നിയന്ത്രിക്കാൻ നോട്ടീസ് നൽകിയിരുന്നു.
വടക്കൻ അറബിക്കടൽ മേഖലയിലെ ഇന്ത്യയുടെയും പാകിസ്താന്‍റെയും സമുദ്ര പ്രദേശങ്ങൾ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ഓപറേഷൻ സിന്ദൂറിൽ പാകിസ്താനുമായുള്ള നാല് ദിവസത്തെ ഏറ്റുമുട്ടലിനുശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രധാന ശക്തി പ്രകടനമാണ് ‘ത്രിശൂൽ’. ഒക്ടോബർ 30ന് ആരംഭിച്ച സൈനികാഭ്യാസം നവംബർ 10 വരെ നീളും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവ തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങളും പരസ്പര പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനാണ് അഭ്യാസം ലക്ഷ്യമിടുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ സന്ദർശിച്ച റാൻ ഓഫ് കച്ച്, സിർ ക്രീക്ക് മേഖലകളിലാണ് പ്രധാനമായും സൈനിക ശക്തിപ്രകടനം. സൈനികാഭ്യാസം നടക്കുന്ന മേഖലകളിൽ 28,000 അടിക്ക് താഴെ പറക്കുന്ന വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

