ഇന്ത്യയെ നിരീക്ഷിക്കാൻ പാകിസ്താൻ വിക്ഷേപിച്ചത് ആറ് അത്യാധുനിക ഉപഗ്രഹങ്ങൾ; ചൈനീസ് സഹായത്തോടെ ബഹിരാകാശത്ത് 'ചാരക്കണ്ണ്' ഒരുങ്ങുന്നതായി റിപ്പോർട്ട്
text_fieldsഫോട്ടോ കടപ്പാട് ഇന്ത്യ ടുഡേ
ന്യൂഡൽഹി: കഴിഞ്ഞ 16 മാസത്തിനിടെ പാകിസ്താൻ ആറ് അത്യാധുനിക എർത്ത്-ഒബ്സർവേഷൻ (ഭൂനിരീക്ഷണ) ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ നീക്കങ്ങൾ സദാസമയവും നിരീക്ഷിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് പാകിസ്താന്റെ ഈ അപ്രതീക്ഷിത ബഹിരാകാശ കുതിപ്പ് എന്ന് പ്രമുഖ മാധ്യമമായ 'ദി പ്രിന്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ അതിർത്തികളെയും സൈനിക നീക്കങ്ങളെയും നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്താൻ ബഹിരാകാശത്ത് വൻ നിരീക്ഷണ ശൃംഖല ഒരുക്കുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള വെറും 16 മാസ കാലയളവിനുള്ളിൽ ആറ് ഭൗമ-നിരീക്ഷണ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്.പാകിസ്താൻ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തത്ര വേഗത്തിലുള്ള വിക്ഷേപണങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പാകിസ്താൻ സ്പേസ് ഏജൻസിയായ 'സുപാർകോ' 1961-ൽ സ്ഥാപിതമായതിന് ശേഷം ആകെ 9 ഉപഗ്രഹങ്ങൾ മാത്രമാണ് മുൻപ് വിക്ഷേപിച്ചിട്ടുള്ളത്.
പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഈ ദൗത്യം വിജയകരമായതിന് പിന്നിൽ ചൈനയുടെ ശക്തമായ പിന്തുണയുണ്ട്. പല ഉപഗ്രഹങ്ങളും ചൈനീസ് വിക്ഷേപണ കേന്ദ്രങ്ങളിൽ നിന്നാണ് വിക്ഷേപിച്ചത്. കൂടാതെ, ചൈനയുടെ 'യാവോൺഗാൻ' സൈനിക ചാരഉപഗ്രഹ ശൃംഖലയുമായി പാകിസ്താന് ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ഉപഗ്രഹങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റ പ്രോസസ്സിംങ് കഴിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ ആഗോളതലത്തിൽ ദൃശ്യങ്ങൾ ശേഖരിക്കാനായി 'സൺ-സിൻക്രണസ്' ധ്രുവീയ ഭ്രമണപഥങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, യു.എസ് ആസ്ഥാനമായുള്ള ബഹിരാകാശ നിരീക്ഷണ ഏജൻസിയായ 'കോംസ്‌പോക്'നൽകുന്ന വിവരമനുസരിച്ച്, പാകിസ്താന്റെ PRSC-EO3 ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങൾ തികച്ചും വ്യത്യസ്തമായ 'ഇൻക്ലൈൻഡ് ഓർബിറ്റിലാണ്' സ്ഥാപിച്ചിരിക്കുന്നത്.അതായത് സാധാരണ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ ഭൂപ്രദേശങ്ങൾക്ക് മുകളിലൂടെ തുടർച്ചയായി കടന്നുപോകാൻ തക്കവണ്ണമുള്ള പ്രത്യേക ഭ്രമണപഥങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഔദ്യോഗികമായി കൃഷി, ദുരന്തനിവാരണം എന്നിവക്കാണ് ഇവയെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവയുടെ സൈനിക ശേഷി തള്ളിക്കളയാനാവില്ല.
റിപ്പോർട്ടുകൾ പ്രകാരം, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള വടക്കൻ ഇന്ത്യൻ അതിർത്തികളുടെ അതിസൂക്ഷ്മ ചിത്രങ്ങൾ പാകിസ്താന് ലഭിക്കാൻ ഈ പുതിയ ഉപഗ്രഹ ശൃംഖല സഹായിക്കും. പാകിസ്താന്റെ പുതിയ ഉപഗ്രഹ ശൃംഖലക്ക് ഇന്ത്യയിലെ പ്രധാന പ്രദേശങ്ങളുടെ ചിത്രങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ വരെ ശേഖരിക്കാൻ കഴിയും. ഇതുവഴി സൈനിക കേന്ദ്രങ്ങൾ, അതിർത്തി മേഖലകൾ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

