ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ഭീകര കേന്ദ്രങ്ങൾ പുനർനിർമ്മിക്കാനൊരുങ്ങി പാകിസ്താൻ; പിന്നിൽ ഐ.എസ്.ഐ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ഭീകര കേന്ദ്രങ്ങൾ പുനർനിർമ്മിക്കാനൊരുങ്ങി പാകിസ്താൻ. ലോഞ്ച് പാഡുകൾ, പരിശീലന ക്യാമ്പുകൾ തുടങ്ങിയവ പുനർനിർമ്മിക്കാനാണ് പാകിസ്താൻ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാക് അധിനിവേശ കാശ്മീരിലും സമീപ പ്രദേശങ്ങളിലും പാക് സൈന്യവും രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയും (ഇന്റർ സർവീസസ് ഇന്റലിജൻസ്) പാക് സർക്കാരിന്റെയും പിന്തുണയോടെയാണ് ഇവ പുനർനിർമ്മിക്കുന്നതെന്നും ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിയന്ത്രണ രേഖക്ക് സമീപമുള്ള വനമേഖലയിലാണ് പുതിയ ഭീകരകേന്ദ്രങ്ങളുടെ നിർമ്മാണം. പഹൽഗാം ഭീകരാക്രമണത്തിനെത്തുടർന്ന് മേയ് ഏഴിനാണ് ഇന്ത്യൻ സൈന്യം പാകിസ്താൻ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. ലുനി, പുട്‌വാള്, ടിപ്പു പോസ്റ്റ്, ജമീൽ പോസ്റ്റ്, ഉമ്രാൻവാലി, ചപ്‌രാർ ഫോർവേഡ്, ഛോട്ടാ ഛക്, ജങ്ക്ലോര എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാമ്പുകളാണ് പാകിസ്താൻ പുനർനിർമിക്കുന്നത്. തെർമൽ, റഡാർ, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളിൽപ്പെടാത്ത തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ക്യാമ്പുകളുടെ നിർമാണമെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
പുതിയ ക്യാമ്പുകളുടെ നിർമ്മാണം 200 പേരിൽ താഴെ ആളുകളെ ഉൾകൊള്ളുന്നതാകും. കാരണം ഇന്ത്യയിൽ നിന്നും ഇനിയൊരാക്രമണം ഉണ്ടായാൽ ഒട്ടേറെ ആളുകളെ ഒന്നിച്ച് നഷ്ട്ടപെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. പരിശീലന ക്യാമ്പുകൾക്ക് പാകിസ്താൻ സൈന്യം പരിശീലനം നൽകിയ ഗാർഡുകളാണ് സുരക്ഷയൊരുക്കുന്നത്. തെർമൽ സെൻസറുകളും ലോ ഫ്രീക്വൻസി റഡാർ സംവിധാനവും ഡ്രോൺ വേധ സംവിധാനവുമുൾപ്പെടെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇവരുടെ പക്കലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ബഹാവൽപുരിൽ ഭീകര സംഘടനകളുടെ പ്രതിനിധികളും ഐ.എസ്.ഐ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന യോഗത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

