പാകിസ്താൻ ഉത്തരവാദിത്തങ്ങളില്ലാത്ത തെമ്മാടി രാഷ്ട്രം - രാജ്നാഥ് സിങ്
text_fieldsരാജ്നാഥ് സിങ്
ന്യൂഡൽഹി: പാകിസ്താൻ ഉത്തരവാദിത്തങ്ങളില്ലാത്ത തെമ്മാടി രാഷ്ട്രമാണെന്നും ഇത്തരമൊരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ എന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. പാക് ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആണവോർജ ഏജൻസി ഏറ്റെടുക്കണമെന്നും രാജ് നാഥ് സിങ് പറഞ്ഞു. ജമ്മു-കശ്മീർ സന്ദർശനത്തിെൻറ ഭാഗമായി ബദാഗിബാഗ് കന്റോൺമെന്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാകിസ്താൻ നിരുത്തരവാദപരമായി ആണവ ഭീഷണി മുഴക്കിയത് ലോകം കണ്ടതാണ്. ഇന്ത്യ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരവിരുദ്ധ നടപടിയാണ് ഓപറേഷൻ സിന്ദൂർ. ഭീകരവാദത്തിനെതിരെ ഇന്ത്യ ഏതറ്റം വരെയും പോകും. ഭീകരർക്ക് അഭയം നൽകുന്നത് പാകിസ്താൻ അവസാനിപ്പിക്കണം. പാകിസ്താൻ ഇന്ത്യയുടെ നെറ്റിയിൽ ആക്രമിച്ചു, മറുപടിയായി ഇന്ത്യ അവരുടെ നെഞ്ചിൽ മുറിവുകളുണ്ടാക്കി.
ഭീകരർ മതത്തിന്റെ പേരിലാണ് ഇന്ത്യക്കാരെ കൊലപ്പെടുത്തിയത്. എന്നാൽ, ഇന്ത്യ ഭീകരരെ നേരിട്ടത് അവരുടെ പ്രവൃത്തികളുടെ പേരിലാണെന്നും രാജ് നാഥ് സിങ് പറഞ്ഞു. ഭീകരവാദവും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല. പാകിസ്താൻ വീണ്ടും വായ്പക്കായി ഐ.എം.എഫിനെ സമീപിച്ചിട്ടുണ്ട്. യാചിച്ച് മടുപ്പുമാറിയ രാജ്യമാണ് പാകിസ്താൻ. മറുവശത്ത് ഐ.എം.എഫിന് വായ്പ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ഇന്ത്യയെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.