പാകിസ്താൻ ഭീകരവാദത്തെ രാഷ്ട്രനയമാക്കി, അവർ കരുതുന്നതിലും അപ്പുറമാണ് ഇന്ത്യയുടെ പ്രതിരോധശക്തി -രാജ്നാഥ് സിങ്
text_fieldsദ്രാസ്: തീവ്രവാദത്തെ രാഷ്ട്രനയത്തിന്റെ ഭാഗമാക്കിയ പാകിസ്താനുമായി പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രമേ ചർച്ച ചെയ്യൂവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ‘നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ’ ഇന്ത്യയുടെ ഭാഗമാണത്. ഇന്ത്യയെ തീവ്രവാദംകൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരുടെ വിധി എന്തായിരിക്കുമെന്ന് ‘ഓപറേഷൻ സിന്ദൂർ’ തെളിയിച്ചു. പാകിസ്താന്റെ ഏത് ആക്രമണത്തെയും അവർ കരുതുന്നതിലും അപ്പുറം പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. കാർഗിൽ വിജയദിവസത്തിന്റെ 27ാം വാർഷികത്തോടനുബന്ധിച്ച്, യുദ്ധസ്മാരകത്തിലെത്തി വീരനായകർക്ക് പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലിയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് സൈനിക ഹെലികോപ്ടറുകൾ സ്മാരകത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, കരസേനാ മേധാവി ജനറൽ സേത്ത്, നോർത്തേൺ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ എന്നിവരും സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പുഷ്പചക്രം സമർപ്പിച്ചു.
1999 മേയ് മൂന്നിനായിരുന്നു ജമ്മു-കശ്മീരിലെ കാർഗിലിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം തുടങ്ങുന്നത്. ജൂലൈ 26 വരെ രണ്ടര മാസത്തോളം നീണ്ട യുദ്ധത്തിൽ ഔദ്യോഗിക കണക്കു പ്രകാരം 527 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു. 1363 പേർക്ക് പരിക്കേറ്റു. ഏകദേശം രണ്ട് ലക്ഷത്തോളം ജവാന്മാരാണ് യുദ്ധത്തിൽ പങ്കെടുത്തത്. അർധ സൈനിക വിഭാഗങ്ങളും വ്യോമസേനയും പ്രത്യേക സേനാവിഭാഗങ്ങളുമൊക്കെയായി ഏകദേശം 30,000ത്തോളം സൈനികർ നേരിട്ട് പങ്കാളികളായി. ആളും ആയുധങ്ങളുമായി ഇരു രാജ്യങ്ങൾക്കും കനത്ത നഷ്ടങ്ങളാണ് യുദ്ധം സമ്മാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

