വീണ്ടും പ്രകോപനം; അതിർത്തിയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് പാകിസ്താൻ, തകർക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
text_fieldsഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടപടികൾ കടുപ്പിച്ചതിന് പിന്നാലെ പ്രകോപനം തുടർന്ന് പാകിസ്താൻ. അതിർത്തിയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ചാണ് പാക് പ്രകോപനം. രാജസ്ഥാനിലെ ബാർമറിലെ ലോംഗേവാല സെക്ടറിലുടനീളം പാക് സൈന്യം റഡാർ ഉപകരണങ്ങളും വ്യോമ പ്രതിരോധ ആയുധ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അതിൽ ചൈനീസ് ഹോവിറ്റ്‌സറുകൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇന്ത്യൻ സൈന്യം പാകിസ്‍താന് കനത്ത മുന്നറിയിപ്പ് നൽകി. കുപ്‍വാര, ബാരാമുല്ല ഭാഗങ്ങളിൽ വെടിവെപ്പുണ്ടായി. എന്തിനും സജ്ജമാണെന്ന് കര,നാവിക, വ്യോമസേനാ മേധാവികൾ വ്യക്തമാക്കി.
24-36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടാകുമെന്നാണ് പാകിസ്താന് കിട്ടിയ മുന്നറിയിപ്പ്. ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചാൽ തകർക്കുമെന്നാണ് കരസേനയുടെ മുന്നറിയിപ്പ്.
പാക് വ്യോമസേന ഫിസ-ഇ-ബദർ, ലാൽകർ-ഇ-മോമിൻ, സർബ്-ഇ-ഹൈദാരി തുടങ്ങിയ വിവിധ അഭ്യാസങ്ങൾ നടത്തുന്നുണ്ട്. എഫ്-16, ജെ-10, ജെഎഫ്-17 തുടങ്ങിയ പ്രധാന യുദ്ധവിമാന സ്ക്വാഡ്രണുകളും ഇതിൽ ഉൾപ്പെടുന്നു. പാക് സൈന്യത്തിന്റെ സ്ട്രൈക്ക് കോർപ്സ് ഘടകങ്ങളും അതത് മേഖലകളിൽ പരിശീലനം നടത്തുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണം നടന്നിട്ട് 18 ദിവസം തികയുകയാണ്. ഏപ്രിൽ 22നാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു.യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ ലഷ്‌കറെ ത്വയ്യിബയിൽ നിന്ന് വേർപിരിഞ്ഞ റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണത്തിന് പിന്നിൽ. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്‍താൻ ആവർത്തിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കിയിരുന്നു. പാക് പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും പാക് നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.
അതിന് മറുപടിയായി ഇന്ത്യൻ വിമാനങ്ങൾ പ്രവേശിക്കാതിരിക്കാൻ പാകിസ്‍താൻ വ്യോമമേഖല അടച്ചിട്ടു. ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

