ഭീകരരെ വളർത്തുന്നത് തുടർന്നാൽ പാകിസ്താനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും -ജമ്മു കശ്മീർ ലഫ്. ഗവർണർ
text_fieldsജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ
ശ്രീനഗർ: ഭീകരരെ വളർത്തുന്നത് തുടർന്നാൽ പാകിസ്താൻ തുടച്ചുനീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ രംഗത്ത്. ഓപറേഷൻ സിന്ദൂറിലൂടെ ഭീകരർക്ക് കനത്ത തിരിച്ചടി നൽകിയ സൈന്യത്തെ ലഫ്. ഗവർണർ അഭിനന്ദിച്ചു. തിങ്കളാഴ്ച ജമ്മു സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭീകരതയെ വളർത്തുന്ന പാകിസ്താന് നമ്മൾ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആ രാജ്യത്തിന്‍റെ ഏത് മേഖലയിലും ആക്രമണം നടത്താൻ നമ്മുടെ സൈന്യത്തിനാകും. ഭീകരവാദത്തെ വളർത്തുന്ന നയം പിന്തുടരുകയാണെങ്കിൽ ഭൂമുഖത്തുനിന്ന് പാകിസ്താനെ തുടച്ചുനീക്കും. അതിർത്തിയിൽ സൈനികർ നമുക്ക് സുരക്ഷ ഉറപ്പാക്കുന്നതുപോലെ, ഇന്ത്യയെ മുന്നോട്ടുനയിക്കാനായി യുവ തലമുറകടന്നുവരണം.
രാഷ്ട്രനിർമിതിയെന്നത് നമ്മുടെ പുരാതന ചരിത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ധീരതയുടെയും ധർമത്തിന്‍റെയും പ്രതീകമാണത്. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തിലും അതിന്‍റെ പ്രാധാന്യം വലുതാണ്” -മനോജ് സിൻഹ പറഞ്ഞു. കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളൽ വീണതിനു പിന്നാലെ ഷെല്ലാക്രമണവും ഡ്രോൺ, മിസൈൽ ആക്രമണവും നടന്നിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ സംഘർഷത്തിന് ശമനമായെങ്കിലും ഭീകരതക്കെതിരെ ശക്തമായ തുടർനടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്താനെതിരെ അന്താരാഷ്ട്ര സമൂഹത്തെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ തിരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണറുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

