ഉഭയകക്ഷി കൈമാറൽ ഉടമ്പടിയില്ല; ഹാഫിസ് സഈദിനെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർഥന തള്ളി പാകിസ്താൻ
text_fieldsന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർഥന തള്ളി പാകിസ്താൻ. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടിയില്ലെന്ന് പാകിസ്താൻ ചൂണ്ടിക്കാട്ടി.
ഹാഫിസ് സഈദിനെ കൈമാറണമെന്ന അപേക്ഷ പാകിസ്താന് കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഏതാനും രേഖകളും അടുത്തിടെ പാകിസ്താന് കൈമാറിയിരുന്നു. 77 കാരനായ ഹാഫിസ് നിലവില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ 33 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാഫിസ് സഈദിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അധികൃതരിൽനിന്ന് പാകിസ്താന് അപേക്ഷ ലഭിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, പാകിസ്താനും ഇന്ത്യയും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിൽ ഇതുവരെ കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിട്ടില്ല. അതേസമയം, ഉഭയകക്ഷി കരാറില്ലെങ്കിലും പ്രതികളെ കൈമാറാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

