'പാക് സൈനിക ട്രൂപ്പുകൾ അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നു; ഇന്ത്യ ഏത് സാഹചര്യവും നേരിടാൻ സജ്ജം'
text_fieldsവ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കരസേന കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി: പാകിസ്താൻ തങ്ങളുടെ സൈനിക ട്രൂപ്പുകളെ അതിർത്തി ലക്ഷ്യമാക്കി മുന്നോട്ടു നീക്കുകയാണെന്ന് ഇന്ത്യൻ പ്രതിരോധ-വിദേശ മന്ത്രാലയങ്ങൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കരസേന കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'പാകിസ്ഥാൻ സൈന്യം ട്രൂപ്പുകളെ മുന്നോട്ട് നീക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ആക്രമണത്തിനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ സായുധസേനകൾ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കുകയാണ്. ഇതുവരെയുള്ള എല്ലാ ആക്രമണത്തെയും ഫലപ്രദമായി ചെറുക്കുകയും ആനുപാതികമായി തിരിച്ചടി നൽകുകയും ചെയ്തിട്ടുണ്ട്. സംഘർഷം കൂടുതൽ വ്യാപകമാകാതിരിക്കാനുള്ള പ്രതിബദ്ധത ഇന്ത്യൻ സൈന്യം ആവർത്തിക്കുകയാണ്' -വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു.
ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ഇന്നലെ പാകിസ്താൻ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്ന് കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. ഉദംപൂർ, പത്താൻകോട്ട്, ബാത്തിൻഡ തുടങ്ങിയ വ്യോമതാവളങ്ങളേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ, ഭൂരിപക്ഷം ആക്രമണങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ചില വ്യോമതാവളങ്ങൾക്ക് നേരിയ കേടുപാടുണ്ടായെന്നും വാർത്തസമ്മേളനത്തിൽ സോഫിയ ഖുറേഷി പറഞ്ഞു.
പാകിസ്താൻ തുടർച്ചയായി നുണപ്രചാരണം തുടരുകയാണെന്നും വാർത്താസമ്മേളനത്തിൽ ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന വ്യാജ പ്രചാരണമാണ് പാകിസ്താൻ നടത്തുന്നത്. ഇന്ത്യയുടെ വ്യോമതാവളങ്ങളും സൈനിക താവളങ്ങളും സുരക്ഷിതമാണ്. പവർ ഗ്രിഡുകൾക്കും ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്നും സംയുക്ത വാർത്തസമ്മേളനത്തിൽ ഇന്ത്യ അറിയിച്ചു. ഭിന്നിപ്പ് ലക്ഷ്യമിട്ട് മതകേന്ദ്രങ്ങൾ ആക്രമിക്കുന്നത് പാകിസ്താൻ തുടരുകയാണെന്നും സംയുക്തവാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാകിസ്താന്‍റെ നാല് വ്യോമതാവളങ്ങളിലും രണ്ടു സൈനിക കേന്ദ്രങ്ങളിലും ഒരു റഡാർ സ്റ്റേഷനിലും ആക്രമണം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ചക്‌ലാല, റഹിം യാർ ഖാൻ, റഫീഖി, മുറീദ് എന്നീ വ്യോമതാവളങ്ങളിലും സുക്കൂർ, ചുനിയ എന്നീ സൈനിക കേന്ദ്രങ്ങൾ, പസ്‌രൂരിലെ റഡാർ സ്റ്റേഷൻ, സിയാൽകോട്ട് വ്യോമയാന കേന്ദ്രം എന്നിവിടങ്ങളിൽ കൃത്യതയോടെ ആക്രമണം നടത്തിയതെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
ഇന്നലെ രാത്രി ഡ്രോൺ ആക്രമണങ്ങളിലൂടെ തുടങ്ങിയ പ്രകോപനം അതിർത്തി മേഖലയിൽ പാകിസ്താൻ ഇപ്പോഴും തുടരുകയാണ്. വടക്കൻ കശ്മീരിലെ ബാരാമുല്ല മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം ഇന്നലെ രാത്രി പാകിസ്താൻ ആക്രമണത്തെ ഫലപ്രദമായി നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

