അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ് വാര അടക്കം നാലിടത്ത് ഷെല്ലാക്രമണം; അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
text_fieldsകുപ് വാര: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താന്‍റെ പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താൻ സേന കനത്ത ഷെല്ലാക്രമണം നടത്തി. കുപ് വാര, ബാരാമുല്ല, ഉറി, അക്നൂർ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
കുപ് വാരയിലെ കർണാ സെക്ടറിലാണ് ഷെല്ലുകളും മോർട്ടാറും ഉപയോഗിച്ച് അർധരാത്രിയിൽ ആക്രമണം നടത്തിയത്. നിരവധി വീടുകൾക്ക് തീപിടിച്ചു. അതിനിടെ, ഉറിയിൽ നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻ.എച്ച്.പി.സി) ഓഫീസിന് സമീപം ഷെല്ലുകൾ പതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അതേസമയം, പ്രകോപനമില്ലാതെയുള്ള പാക് ഷെല്ലാക്രമണത്തിനെതിരെ അതിശക്തമായി ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. തിരിച്ചടിയിൽ പാകിസ്താൻ ഭാഗത്ത് നിരവധി മരണമുണ്ടായതായും നിരവധി സൈനിക പോസ്റ്റുകൾ തകർത്തതായും അധികൃതർ പറഞ്ഞു. പാക് വെടിവെപ്പ് ആരംഭിച്ചതിന് പിന്നാലെ കർണായിലെ പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് സൈന്യം മാറ്റിയിരുന്നു.
അതേസമയം, പൂഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. വെടിവെപ്പിലും ഷെല്ലാക്രമണത്തിലും നാല് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു. 57 പേർക്ക് പരിക്കേറ്റു.
പൂഞ്ച് ജില്ലയിലാണ് പാക് സൈന്യത്തിന്റെ ഏറ്റവും കനത്ത ആക്രമണമുണ്ടായത്. ഇവിടെ 42 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. പൂഞ്ച് ജില്ലാ ആസ്ഥാനം, ബാലാക്കോട്ട്, മെന്ദർ, മാങ്കോട്ട്, കൃഷ്ണ ഗാട്ടി, ഗുൽപൂർ, കേർണി എന്നിവിടങ്ങളിലെല്ലാം ഷെല്ലാക്രമണമുണ്ടായി. ഇവിടങ്ങളിൽ നിരവധി വീടുകൾക്ക് കേടുപാടുണ്ടായി.
ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 10 പേർക്കും രജൗറി ജില്ലയിൽ മൂന്ന് പേർക്കും പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

