കശ്മീരിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ചുകൊന്നു
text_fieldsസാംബ/ ജമ്മു: സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്കുസമീപം പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ ബി.എസ്.എഫ് വെടിവെച്ചുകൊന്നു. ബുധനാഴ്ച രാത്രി മാങ്കുചെക്ക് മേഖലയിലെ ഖോര പോസ്റ്റിന് സമീപമാണ് സംഭവം. 45കാരനായ പാക് സ്വദേശിയാണ് മരിച്ചത്.
രാത്രി 10.15നാണ് നുഴഞ്ഞുകയറ്റം ബി.എസ്.എഫിന്റെ ശ്രദ്ധയിൽപെട്ടതെന്ന് ഐ.ജി ഡി.കെ. ബൂറ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, വെടിവെച്ചിടുകയായിരുന്നു. ആയുധധാരികളായ ഭീകരർക്ക് എത്താനുള്ള പഴുത് അന്വേഷിക്കാൻ നുഴഞ്ഞുകയറ്റക്കാരനെ അയച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനും മറ്റ് നിയമ നടപടികൾക്കുമായി മൃതദേഹം പൊലീസിന് കൈമാറും.
അതിനിടെ, രജൗരിയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. വനമേഖലയിൽ ഗുഹ രൂപത്തിലുള്ള ഭീകരരുടെ ഒളിത്താവളമാണ് തകർത്തത്.

