ഇന്ത്യക്കുനേരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് പാകിസ്താനി ഹാക്കർമാർ; പ്രതിരോധ സൈറ്റുകളിൽ തകരാർ?
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ -പാകിസ്താൻ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളൽ വീണിരുന്നു. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘനം നടക്കുന്നതിനിടെ, പാകിസ്താനി ഹാക്കർമാർ ഇന്ത്യക്കുനേരെ സൈബർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളായ ആർമേഡ് വെഹിക്കിൾ നിഗം ലിമിറ്റഡ് (എ.വി.എൻ.എൽ), മിലിറ്ററി എൻജിനീയറിങ് സർവീസസ് (എം.ഇ.എസ്), മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് (എം.പി-ഐ.ഡി.എസ്.എ) ഉൾപ്പെടെയാണ് ഹാക്കർമാർ ആക്രമിച്ചത്.
എ.വി.എൻ.എൽ വെബ്സൈറ്റിൽ പാകിസ്താൻ പതാകയുടെയും സൈനിക ടാങ്കിന്റെയും ചിത്രം പ്രദർശിപ്പിക്കുകയാണ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വെബ്സൈറ്റ് നിലവിൽ ലഭ്യമല്ല. പരിശോധനകൾക്ക് ശേഷം ലൈവ് ആക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. എം.ഇ.എസ്, എം.പി-ഐ.ഡി.എസ്.എ വെബ്സൈറ്റുകളിൽനിന്ന് സൈനികരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ചോർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സൈബർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹാക്കർ ഗ്രൂപ്പായ പാകിസ്താൻ സൈബർ ഫോഴ്സ് ഏറ്റെടുത്തു.
സൈബർ ആക്രമണം നടന്നെന്ന റിപ്പോർട്ട് എം.പി-ഐ.ഡി.എസ്.എ തള്ളി. കൂടുതൽ പരിശോധന നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. സമാന രീതിയൽ കഴിഞ്ഞയാഴ്ചയും ഇന്ത്യൻ വെബ്സൈറ്റുകൾക്കു നേരെ സൈബർ ആക്രമണ ശ്രമമുണ്ടായിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൈബർ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

