ശ്രീനഗർ: ഭീകരർക്ക് അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധമെത്തിക്കാൻ പാകിസ്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നതായി കശ്മീർ പൊലീസ്. നിയന്ത്രണരേഖക്ക് മുകളിലൂടെ രാത്രിയിൽ ഡ്രോൺ പറത്തിയാണ് ആയുധങ്ങൾ എത്തിക്കുന്നത്. അഖ്നൂർ ഗ്രാമത്തിൽ നിന്ന് ഇത്തരത്തിൽ എത്തിച്ച പിസ്റ്റളുകളും റൈഫിളുകളും കണ്ടെടുത്തു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണ് ഇതിന് പിന്നിലെന്നും പൊലീസ് പറയുന്നു.
ഡ്രോൺ വഴി ആയുധങ്ങൾ എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് എ.കെ റൈഫിളുകൾ, ഒരു പിസ്റ്റൾ, തിരകൾ എന്നിവയാണ് കണ്ടെത്തിയത്.
പ്രാഥമികാന്വേഷണത്തിൽ ജെയ്ഷെ മുഹമ്മദാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡ്രോൺ വഴി എ.കെ 47 തോക്കുകൾ അതിർത്തി കടന്നെത്തുന്നുണ്ടെന്ന് പഞ്ചാബ് പൊലീസും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.