ശ്രീനഗർ: ഡ്രോൺ വഴി പാകിസ്താനിൽ നിന്ന് ആയുധങ്ങളും പണവും ജമ്മു കശ്മീരിലെ രജൗരി ജില്ലയിലേക്ക് കടത്തിയതായി പൊലീസ്. നിയന്ത്രണ രേഖക്ക് സമീപത്തുനിന്ന് ഇവ കൈക്കലാക്കിയ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ അറസ്റ്റ് ചെയ്തതായും സംസ്ഥാന പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു.
രജൗരി സെക്ടറിൽ വെള്ളിയാഴ്ച വൈകീട്ടോടെ പൊലീസും രാഷ്ട്രീയ റൈഫിൾസ് 38 യൂനിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുടെ പദ്ധതി തകർത്തതെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ മൂന്ന് ഭീകരരും കശ്മീരിലെ താമസക്കാരാണ്. രജൗരിയിലും പൂഞ്ചിലുമായി സെപ്റ്റംബർ 11ന് ശേഷം ഇത്തരത്തിലുള്ള മൂന്നാമത് ഓപ്പറേഷനാണ് നടത്തിയതെന്ന് പൊലീസ് അവകാശപ്പെട്ടു.
രണ്ട് എ.കെ 47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, ലക്ഷം ഇന്ത്യൻ രൂപ എന്നിവയുമായാണ് മൂന്ന് പേർ പിടിയിലായത്. ഇവർ പൊലീസിന് നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. പിടിയിലായവരെ ചോദ്യംചെയ്യുകയാണ്.
നേരത്തെ, പൂഞ്ചിലെ ബാലാകോട്ട് സെക്ടറിൽ രണ്ട് പേരിൽ നിന്നായി വൻ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. മൂന്ന് ദിവസത്തിന് ശേഷം 11 കോടിയോളം വിലവരുന്ന 11 കി.ഗ്രാം മയക്കുമരുന്നായ ഹെറോയിനും പിടികൂടിയിരുന്നു.
ജമ്മു-കശ്മീരിലെ സമാധാനം ഏതുവിധേനയും തകർക്കാൻ പാകിസ്ഥാൻ ശ്രമം തുടരുകയാണെന്ന് പൊലീസ് മേധാവി പറഞ്ഞു. ഇതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതായും മയക്കുമരുന്ന് കടത്തുന്നതായും ഭീകരരെ കയറ്റിവിടുന്നതായും അദ്ദേഹം പറഞ്ഞു.